തിരുവനന്തപുരം : വിഴിഞ്ഞത്ത് നായയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയതായി ഐ.ജി.പി.-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
കോട്ടുകാൽ പനനിന്നവിള വീട്ടിൽ ഷിബു (42) നെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 -ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചപ്പാത്ത് ഭാഗത്ത വ്യാപാരികൾ പരിപാലിച്ച് വളർത്തിയിരുന്ന നായയെ ബൈക്കിലെത്തിയ പ്രതി വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളയുകയായിരുന്നു. ഈ ക്രൂരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ അറസ്റ്റു ചെയ്തത്. വിഴിഞ്ഞം എസ്. എച്ച്.ഒ പ്രവീൺ, എസ്.ഐ സജി, എ.എസ്. ഐ ആനന്ദബോസ്, സി.പി.ഒ മാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.