കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പൊന്നെടുത്താൻകുഴിയിലെ അങ്കണവാടിയിൽനിന്നു ലഭിച്ച അമൃതം പൊടിയിൽ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് ന്യുട്രീമിക്സ് നിർമാണകേന്ദ്രം പൂട്ടിച്ചു. പൊടി വിതരണംചെയ്ത കൃഷ്ണാ ന്യൂട്രീമിക്സിന്റെ പ്രവർത്തനം കുടുംബശ്രീ ജില്ലാ മിഷൻ റദ്ദാക്കി.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ.ഷൈജു പറഞ്ഞു. പൊന്നെടുത്താൻകുഴിയിലെ അങ്കണവാടിയിൽനിന്ന് മൂന്നു വയസ്സ് പ്രായമുള്ള കുട്ടിക്കാണ് പൊടി നൽകിയത്. കുട്ടിയുടെ അമ്മ കുടുംബശ്രീ ജില്ലാ മിഷന് പരാതി നൽകുകയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന് പായ്ക്കറ്റ് കൈമാറുകയും ചെയ്തു.നേരത്തേയും കൃഷ്ണാ ന്യുട്രീമിക്സിനെതിരേ പരാതിയുയർന്നിരുന്നു. തുടർന്ന് പൂട്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നു.