തിരുവനന്തപുരം : വിഴിഞ്ഞത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എം.വിന്‍സന്റ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സെക്രട്ടേറിയറ്റിനുമുമ്പില്‍ ധര്‍ണ്ണ നടത്തി. പാരിസ്ഥിതി-സാമൂഹിക ആഘാതങ്ങളെക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുളള വിഴിഞ്ഞത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എം.വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.
ലോക്ഡൗണിന്റെ മറവില്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോയത് ദുരൂഹമാണ്. ജനപ്രതിനിധികളോടുപോലും ആലോചിക്കാതെയുളള 650 കോടിയുടെ പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നു. പാലോട് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങുകയും ചെയ്ത മാലിന്യ സംസ്കരണപ്ലാന്റാണ് വിഴിഞ്ഞത്ത് സ്ഥാപിക്കാന്‍ പോകുന്നതെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതാക്കളായ ഡി.സി.സി ട്രഷറര്‍ അഡ്വ.കെ.വി.അഭിലാഷ്, കാഞ്ഞിരംകുളം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആര്.ശിവകുമാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ എം.മുജീബ് റഹ്മാന്. എസ്.ആര്.സുജി എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. കോവളം നിയോജകമണ്ഡലത്തിലെ ഒരിടത്തും മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്മാറുന്നതുവരെ ജനങ്ങളെ അണിനിരത്തി ശക്തമായ ബഹുജനപ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു.




