കുറ്റിച്ചൽ : പൊന്നറക്കോണം സ്വദേശിയും പരുത്തിപ്പള്ളി സ്കൂളിലെ 1994 എസ്.എസ്.ൽ സി ബാച്ചിലെ വൃക്കരോഗിയായ കൂട്ടുകാരിയുടെ സ്വപ്ന വീടിന് ചായം തേച്ച് സ്കൂൾ സഹപാഠികൾ.
ഇരു വൃക്കളും തകരാറിലായി ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുവാനായി കൂട്ടുകാരുടെ സഹായത്തോടെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാലത്തെ വാഹനയാത്രയ്ക്കുള്ള ബുദ്ധിമുട്ട് കൂടിയായപ്പോൾ മറ്റൊരു മാർഗമില്ലാതെ വിഷമിച്ച കൂട്ടുകാരിയ്ക്ക് എല്ലാ ദിവസവും ആശുപത്രിയിൽ പോകാനായി ഓരോ കൂട്ടുകാർ വീതം ഓരോ ദിവസം വീതം സൗജന്യമായി വാഹനം വിട്ടുകൊടുത്തു കൈതാങ്ങായി. കൂടാതെ കെ.ടി.ഡി.ഒ കുറ്റിച്ചൽ യൂണിറ്റിലെ ഡ്രൈവർമാരും ഒപ്പം കൂടി. ഇങ്ങനെ വാഹനം കൊണ്ട് പോകുന്ന കൂട്ടുകാർക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതും ഇതേ ഗ്രൂപ്പിലെ സഹപാഠിയും ആശുപത്രിയ്ക്ക് സമീപം മഞ്ചവിളാകത്ത് താമസിക്കുന്ന സ്മിതയാണ്.
സർക്കാർ സംവിധാനത്തിലൂടെ കൂട്ടുകാരിയ്ക്ക് സൗജന്യമായി ലഭിച്ച വീട് പണി പൂർത്തിയായെങ്കിലും പെയിൻ്റടിയ്ക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയായിരുന്നു. പെയിൻറടിയ്ക്കുവാൻ ഇരുപതിനായിരം രൂപയിലേറെ വേണ്ടി വരുമായിരുന്നു എന്ന ഒറ്റ കാരണത്താൽ ഈ ആഗ്രഹവും മനസിൽ കൊണ്ട് നടന്ന കൂട്ടുകാരിയെ സുഹൃത്തുക്കൾ ഞെട്ടിച്ചു കളഞ്ഞു. രാവിലെ ആശുപത്രിയിൽ ഡയാലിസിസിന് പോയി വൈകുന്നേരം തിരികെ വന്നപ്പോൾ സ്വപ്ന വീടിന് ചായം നൽകി കളർഫുൾ ആക്കി.
കുറ്റിച്ചലിലെ അപ്പൂസ് പെയിൻ്റ് ഹൗസ് ഉടമയും സഹപാഠിയുമായ രാകേഷ് വേലപ്പൻ പെയിൻ്റടിയ്ക്കുവാനുള്ള സാധനങ്ങളും പെയിൻ്റും വാങ്ങിയ വിലയ്ക്ക് നൽകുകയും ചെയതു. പെയിൻ്റിംഗ് കോൺട്രാക്ടറും സഹപാഠിയുമായ ഡി. ബൈജുവിൻ്റെ നേതൃത്വത്തിൽ കൂട്ടുകാരായ റൂറൽ ഡവലപ്പ്മെൻ്റ് വകുപ്പിലെ ഐ.ടി നോഡൽ ഓഫീസർ പ്രവീൺ എസ്.എൽ, അധ്യാപകനായ സമീർ സിദ്ദീഖി, അമ്പുകുറ്റിച്ചൽ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി, നേവി ഉദ്യോഗസ്ഥനായ സുനിൽ കുമാർ എസ്.എസ് , സുജ എസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സൗജന്യമായി പെയിൻ്റടിച്ചു നൽകി.
1994 ലെ പരുത്തിപ്പള്ളി സ്കൂൾ എസ്.എസ്.എൽ സി ബാച്ചിലെ " സ്കൂൾ ഡേയ്സ് 94" എന്ന വാട്സാപ്പ് കൂട്ടായ്മ ഈ ലോക്ക് ഡൗൺ കാലത്ത് സൗജന്യ മാസ്ക്ക് തയ്യ്ച്ച് നൽകുക, അർഹതപ്പെട്ടവർക്ക് പലവ്യഞ്ജനവും പച്ചക്കറിയും അടങ്ങുന്ന കിറ്റ് നൽകുക, കുറ്റിച്ചൽ പഞ്ചായത്തിലെ കമ്മൂണിറ്റി കിച്ചനിലേയ്ക്ക് ആവശ്യമായ ഒരു ദിവസത്തെ ചിലവ് ഏറ്റെടുക്കുക, മരുന്ന് ആവശ്യമുള്ള കൂട്ടുകാർക്ക് മരുന്നും മറ്റു സഹായങ്ങൾ ചെയ്യുക, ഓൺലൈൻ ക്ലാസുകൾ, മത്സരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി മാതൃകയാകുന്നു.






