തിരുവനന്തപുരം : സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് താണ്ഡവമാടുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിരുന്നു. എന്നാൽ മദ്യശാലകൾ തുറക്കുന്നതിനുള്ള സമയം ആയിട്ടില്ല എന്ന നിലപാടിലായിരുന്നു കേരള സർക്കാർ സ്വീകരിച്ചത്.
ദിവസങ്ങൾക്ക് ശേഷം മദ്യ ശാലകൾ തുറക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്താണ് മദ്യ ശാലകൾ ഇപ്പോൾ തുറക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചത്. ഇതേ തുടർന്ന് സംസ്ഥാനത്ത് മദ്യ നിരോധനം വരാൻ പോകുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ബുധനാഴ്ച മുതൽ തുറക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയത്.




