എറണാകുളം: ഇതര സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രയിൻ നാളെ പുലർച്ചെ 12.30 നു എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തുമെന്ന് മന്ത്രി സുനിൽ കുമാർ അറിയിച്ചു. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവൻ സജ്ജീകരണങ്ങളും പൂർത്തിയായി.
400 നടുത്ത് ആളുകൾ സൗത്ത് സ്റ്റേഷനിൽ ഇറങ്ങും. 258 പേരെ ഫോണിൽ ബന്ധപ്പെട്ടു. 27 ഗർഭിണികൾ ഉണ്ട്. രണ്ടു പേർ കിടപ്പു രോഗികളാണ്. വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർക്ക് റയിൽവേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവർക്ക് കെ.എസ്.ആർ.ടി.സി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം വാഹനത്തിൽ പോകാൻ തയാറായി 100 പേരാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. യാത്രക്കാരെ മുഴുവൻ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പുറത്തേക്കു വിടുക. ഇതിനായി രണ്ട് ഡോക്ടർമാർ വീതം രണ്ടു സ്ഥലങ്ങളിലായി നാല് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. വരുന്നവർക്ക് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാൻ സൗകര്യമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അങ്ങനെയില്ലാത്തവർക്ക് സർക്കാർ സമ്പർക്ക വിലക്കിൽ കഴിയാനുള്ള സൗകര്യം നൽകും. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ പോയതിനു ശേഷം ഇത് അണുവിമുക്തമാക്കുകയും ചെയ്യും.