തിരുവനന്തപുരം : ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ പുലർച്ചെ അഞ്ച് മണിയോടെ തിരുവനന്തപുരത്തെത്തി. 400 യാത്രക്കാരുമായി ആണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. കോഴിക്കോടും എറണാകുളത്തും ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നു. കോഴിക്കോട്ടെത്തിയ യാത്രക്കാരിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇവരെ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 216 പേരാണ് കോഴിക്കോട് ഇറങ്ങിയത്. തുടർന്ന് പത്ത് മണിക്ക് ശേഷം ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെട്ട് പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തി.
ലോക്ക്ഡൗണിനിടയില് കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണിത്. തിരുവനന്തപുരത്ത് 400 യാത്രക്കാരും എറണാകുളത്ത് 269, കോഴിക്കോട് 216 യാത്രക്കാരും ഇറങ്ങി. അറുനൂറ് യാത്രക്കാരുമായി ട്രെയിനെത്തുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിരം . എന്നാൽ നാനൂറ് യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത് എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതിൽ പത്തനംതിട്ട സ്വദേശിയായ ഒരാളെ പനിയുള്ളതുകൊണ്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ നിന്നെത്തിയയാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ സജ്ജീകരണങ്ങളാണ് യാത്രക്കാരുടെ പരിശോധനയ്ക്കായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലാഭരണകൂടം ഒരുക്കിയിരിക്കുന്നത് .
20 പേരടങ്ങുന്ന സംഘമായാണ് ട്രെയിനിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത് . 15 കൗണ്ടറുകളായി പരിശോധന നടത്തി നാല് ഗേറ്റുകളിലൂടെയാണ് ഇവരെ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത് .
തിരുവനന്തപുരം - 131, കൊല്ലം- 74, ആലപ്പുഴ, കോട്ടയം - 21, പത്തനംതിട്ട - 64, തമിഴ്നാട് - 58, തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്ന കുറേപ്പേർ എറണാകുളത്ത് ഇറങ്ങി.
വിവിധ ജില്ലകളിലേക്ക് 10 ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുപോയത് . റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച ബസുകളുടെ വിവരം:
പത്തനംതിട്ട - 2, കൊല്ലം-2, ആലപ്പുഴ, കോട്ടയം - 1, തമിഴ്നാട് - 5, കാട്ടാക്കട ,നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട് - ഓരോ ബസ് വീതം യാത്രതിരിച്ചത്.
സ്റ്റേഷനിൽ വന്നിറങ്ങിയ എല്ലാ യാത്രക്കാരേയും കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു . യാത്രക്കാരെ പുറത്തിറക്കിയ ശേഷം റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി. നഗരത്തിലെ യാത്രക്കാരെ കൊണ്ടാക്കിയ ടാക്സികളും അണുവിമുക്തമാക്കി.