നെയ്യാറ്റിൻകര : കാരകോണം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. ചികിത്സാപിഴവിനെ ചൊല്ലി ആശുപത്രിയിൽ നടന്ന സംഘർഷത്തിൽ വ്യാപക ആക്രമണം. ജനൽ ചില്ലകൾ ഉൾപ്പെടെ അടിച്ചുതകർത്തു.
വെള്ളറട കിളിയൂർ സ്വദേശി വിപിൻ അഞ്ചു ദമ്പതികളുടെ മകൾ അവന്തിക (4) യെഇന്നലെ ഉച്ചയോടെ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. വൈകിട്ടുവരെ സുഖമായിരുന്ന കുട്ടി 7 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സാപിഴവ് ചുണ്ടിക്കാട്ടി ബന്ധുക്കൾ എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കുട്ടിയുടെ മൃതദേഹം വിട്ടുനൽകാൻ വൈകിയത് സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇത് പിന്നീട് ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
ആക്രമണത്തിൽ റിസപ്ഷൻ കൗണ്ടർ ഉൾപ്പെടെയുള്ളവ അടിച്ചുതകർത്തു. വെള്ളറട പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം തുടർന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ.