തൊടുപുഴ : മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ തൈക്കാവിലെ വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേലിന് ലോക് ഡൗൺ കാലം വിശ്രമമില്ലാത്ത ദിനങ്ങളാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച അന്നു മുതൽ ഇന്നുവരെ ഓരോ ദിവസവും വാർഡിലെ അംഗങ്ങൾക്കായി വിനോദവും വിഞ്ജാനവും ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഇതിനായി തൻ്റെ വാർഡിലെ മൂന്നൂറിൽ പരം വീടുകളിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് "എൻ്റെ വാർഡ് തൈക്കാവ്" എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലാ കളക്ടറുടെയും മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതാ ശിവൻ്റെയും മാസ്ക് ചലഞ്ചായ മുഖമേതായാലും മാസ്ക് മുഖ്യം ഏറ്റെടുത്ത് കൊണ്ട് വാർഡിലെ മുഴുവൻ അംഗങ്ങളും മാസ്ക്ക് ധരിച്ച് സെൽഫിയെടുത്ത് പങ്കെടുത്തു. വാർഡിലെ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ഷാൻസ് സൗജന്യമായി നൽകിയ മാസ്കുകളാണ് കുടുംബശ്രീ, സാന്ത്വനം ആരോഗ്യ പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ വഴിയും വാർഡിലെ മുഴുവൻ വീടുകളിലും എത്തിച്ചത്.




