തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിത്തും കാർഷിക ഉപകരണങ്ങളും ജൈവവളങ്ങളുമായി സഞ്ചരിക്കുന്ന വിപണി കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വട്ടിയൂർക്കാവ് എം.എൽ.എയുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിത്തും തൈകളും കാർഷിക ഉപകരണങ്ങളും ജൈവകീടനാശിനികളും ലഭ്യമാക്കുന്നതിനായി സഞ്ചരിക്കുന്ന വിപണി മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കും. വട്ടിയൂർക്കാവിൽ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നവർക്ക് ആവശ്യമായ ഉല്പാദനോപാധികൾ വീടിനടുത്ത് ലഭ്യമാക്കുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നതെന്നും തിങ്കളാഴ്ച മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിപണി സഞ്ചരിക്കുമെന്നും അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അറിയിച്ചു.
കേരള അഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷനുമായി സഹകരിച്ചാണ് ഈ വിപണി സജ്ജീകരിച്ചിട്ടുള്ളത് . താൽപര്യമുള്ളവർക്ക് സഞ്ചരിക്കുന്ന വിപണിയിൽ നിന്ന് ആവശ്യമായ ഉല്പാദനോപാധികൾ ന്യായവിലയ്ക്ക് വാങ്ങാവുന്നതാണെന്ന് അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അറിയിച്ചു. സഞ്ചരിക്കുന്ന വിപണി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കുമെന്നും ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ഡൗണിനെ തുടർന്ന് വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വട്ടിയൂർക്കാവ് എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നാലായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് ലഭ്യമാക്കുകയുണ്ടായി. ഇങ്ങനെ കൃഷി ആരംഭിച്ചിട്ടുള്ള നിരവധി പേരിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു വിപണി ആരംഭിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
ചീര, വെണ്ട, വഴുതന, പയർ, മുളക്, മുരിങ്ങ, വാളരിപ്പയർ, അമര, തക്കാളി തുടങ്ങിയ പച്ചക്കറി വിത്തുകളും കോവൽ, പാഷൻഫൂട്ട് തുടങ്ങിയവയുടെ തൈകളും ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗ്ഗ വിളകളും വാഴക്കന്നും ഈ യൂണിറ്റിൽ നിന്ന് ലഭിക്കും . ഇത് കൂടാതെ പിക്ക് ആക്സസ്, കുന്താലി, മൺവെട്ടി, ഹാന്റ് ഹോ, കത്തി, ഹാന്റ് പ്രയർ, കുട്ട, ചൂരൽ, ഗ്രോബാഗ്, പോ, ചെടിച്ചട്ടി തുടങ്ങിയ ഗാർഡൻ ഉപകരണങ്ങളും മണ്ണിരകമ്പോസ്റ്റ്, കയർപിത്ത് കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളും വേപ്പെണ്ണ, വേപ്പ് അടിസ്ഥാനമാക്കിയുള്ള കീടനാശിനികൾ, സ്യൂഡോമോണാസ്, കോഡർമ തുടങ്ങിയ കീട - കുമിൾ നാശിനികളും വിപണിയിൽ നിന്ന് ലഭിക്കും.




