കാട്ടാക്കട : കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡും പരിസരവും അണുവിമുക്തമാക്കി അഗ്നിരക്ഷാ സേന അഗ്നിരക്ഷാ സേന യൂണിറ്റ്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കാട്ടാക്കട അഗ്നിരക്ഷാ സേന യൂണിറ്റ് സ്റ്റേഷൻ ഓഫീസർ എ.എൽ.ബൈജുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാർ ശുചീകരണ പ്രവർത്തനം നടത്തിയത്. കോവിഡ് 19 കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വാണിജ്യ സമുച്ഛയത്തിനു മുന്നിലും വർക്ക് ഷോപ് എന്നിവിടങ്ങളിലും ബ്ലീച്ചിങ് പൗഡർ വിതറിയും വാട്ടർ സ്പ്രേ നടത്തിയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ വി.സാഗറിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.റ്റി.സി ജീവനക്കാരും പങ്കാളികളായി. കാട്ടാക്കട ഫയർ സ്റ്റേഷൻ പരിധിയിൽ ഊരൂട്ടമ്പലം മുക്കമ്പാലമൂട് മലയിന്‍കീഴ് എന്നിവിടങ്ങളിൽ യൂണിറ്റ് വാഹനത്തിൽ കോവിഡ് ജാഗ്രത അറിയിപ്പുകൾ നൽകുകയും എട്ടിന നിർദേശങ്ങൾ ഉൾപ്പെട്ട ലഘു ലേഖകൾ നൽകി പൊതു ജന ബോധവൽക്കരണവും സേന നടത്തി. വരും ദിവസങ്ങളിലും പ്രവർത്തനം ഊർജ്ജിതപ്പെടുത്തുമെന്നും നിലവിൽ കൈകഴുകാൻ സംവിധാനം ഇല്ലാത്ത കൂടുതൽ ജനസഞ്ചാരം ഉള്ള മേഖലകളിൽ ജല സംഭരണിയും സാനിട്ടൈസർ സംവിധാനവും അഗ്നിരക്ഷാ സേന ഒരുക്കുമെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
കെ.എസ്.ആർ.റ്റി.സി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട സേന അംഗങ്ങൾക്ക് ഡി വൈ എഫ് ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി സൗജന്യ മാസ്ക്കുകൾ വിതരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അനില്‍കുമാറിൽ നിന്നും സ്റ്റേഷൻ ഓഫീസർ എ എൽ ബൈജു മാസ്ക്ക് ഏറ്റുവാങ്ങി. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പ്രശോഭ്, രഞ്ജു കൃഷ്ണൻ, ഷിബു ക്രിസ്റ്റഫർ, ഷിബു കുമാർ, ശരത് ചന്ദ്രൻ, അലക്സ് കെ ഡാനിയേൽ, സീനിയർ ഫയർ ഓഫീസർ എൻ കെ സുമേഷ് ജ്യോതിഷ് കുമാർ, അഖിലൻ തുടങ്ങിയവർ ആണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കർമ്മാനിരതരായുള്ളത്.

