കിള്ളിയിൽ വെച്ച് കൊല്ലപ്പെട്ട എള്ളുവിള സ്വദേശി രാഹുൽ. (ഇടത്), റിമാൻഡിലായ പ്രതികൾ ഉസ്മാൻ, രാഹുൽ (വലത്).
കാട്ടാക്കട: ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കിള്ളി മേച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊണിയൂർ സ്വദേശി ഉസ്മാൻ (24), പനയങ്കോട് ഓടൽവിളാകത്ത് വീട്ടിൽ രാഹുൽ (18) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയത്. കേസിൽ ഉസ്മാൻ ഒന്നാം പ്രതിയും പനയങ്കോട് സ്വദേശി രാഹുൽ രണ്ടാം പ്രതിയുമാണ്.
വ്യാഴാഴ്ച രാത്രി 10:30-ഓടെ കിള്ളി മെഡിസിറ്റി ആശുപത്രിക്ക് സമീപം വെച്ചായിരുന്നു എള്ളുവിള സ്വദേശി രാഹുൽ (24) കൊല്ലപ്പെട്ടത്. വാഹനമിടപാടിലെ ബാക്കി തുകയായ 4000 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പണം ചോദിച്ചു വിളിച്ചപ്പോൾ സുഹൃത്തിന്റെ സഹോദരിയെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാനാണ് രാഹുൽ എത്തിയത്. സംഘട്ടനത്തിനിടെ ഒന്നാം പ്രതിയായ ഉസ്മാൻ കൈയിലുണ്ടായിരുന്ന താക്കോലോ സമാനമായ ആയുധമോ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് താഴെ കുത്തുകയായിരുന്നു.
👈ബൈക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റു മരിച്ചു, രണ്ടുപേർ കസ്റ്റഡിയിൽ
പുറമെ ചെറിയ മുറിവ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. ടൈൽസ് തൊഴിലാളിയായിരുന്ന രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അരുവിക്കര പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. ആതിരയാണ് സഹോദരി. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുമുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കി.


