കാട്ടാക്കട: ബൈക്ക് വിറ്റ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കാട്ടാക്കട കിള്ളി എള്ളുവിള കോളനിയിൽ മണിയൻ-ബീന ദമ്പതികളുടെ മകൻ രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട പനയങ്കോട് സ്വദേശി രാഹുൽ (17), ഇയാളുടെ സുഹൃത്ത് കൊണിയൂർ സ്വദേശി ഉസ്മാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെ കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിയായ രാഹുൽ തന്റെ സുഹൃത്ത് ശ്രീക്കുട്ടന് പതിനായിരം രൂപയ്ക്ക് ബൈക്ക് നൽകിയിരുന്നു. ഇതിൽ ബാക്കി ലഭിക്കാനുണ്ടായിരുന്ന 4000 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പണം ചോദിച്ചു വിളിച്ചപ്പോൾ ശ്രീക്കുട്ടന്റെ സഹോദരിയോട് പ്രതി മോശമായി സംസാരിച്ചു. ഈ വിവരം അറിഞ്ഞെത്തിയ കൊല്ലപ്പെട്ട രാഹുലും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
ആക്രമണത്തിനിടെ താക്കോലോ അതിൽ കോർത്ത മൂർച്ചയുള്ള വസ്തുവോ ഉപയോഗിച്ച് രാഹുലിന്റെ നെഞ്ചിന് താഴെ കുത്തേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താനല്ല കുത്തിയതെന്നാണ് പിടിയിലായ രാഹുലിന്റെ പ്രാഥമിക മൊഴി. കസ്റ്റഡിയിലുള്ള രണ്ടുപേരെയും മുഖാമുഖം ഇരുത്തി ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിൽ ആരുടെ പങ്കാണെന്ന് വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.


