കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ റാമിന് തിരിച്ചടി. ഡോ. റാമിന് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ രണ്ടാം പ്രതിയായ അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിൻരാജ് നിരന്തരമായ അധിക്ഷേപങ്ങൾക്കും മാനസിക പീഡനങ്ങൾക്കും ഇരയായിരുന്നു എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. മാർച്ച് 13 മുതൽ പ്രതികൾ നിതിൻരാജിനോട് മോശമായാണ് പെരുമാറിയിരുന്നത്. സംഭവദിവസം ഡോ. റാം പ്രിൻസിപ്പലിന്റെ മുറിയിലും സ്റ്റാഫ് റൂമിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും, നിതിൻരാജ് തന്റെ സഹോദരിക്ക് അയച്ച സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡോ. റാം കാഷ്വാലിറ്റിയിൽ വെച്ച് നടത്തിയ അസ്വാഭാവികമായ പരാമർശങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിധിയിൽ അതൃപ്തിയുമായി കുടുംബം
രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിതിൻരാജിന്റെ പിതാവ് രാജൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. "എന്റെ മകനെ ഇവർ രണ്ടുപേരും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സംഗീതയും റാമും ഒരുപോലെ കുറ്റക്കാരാണ്. മകൻ അയച്ച ഓഡിയോ സന്ദേശങ്ങളിൽ ഇവർ നൽകിയ മാനസിക വിഷമത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. സംഗീതയ്ക്ക് ജാമ്യം നൽകിയ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. വീണാൽ ശരീരം തകരുന്ന അത്രയും ഉയരത്തിൽ നിന്ന് വീണിട്ടും അവന്റെ മുഖത്തിന് പരിക്കില്ലാത്തത് സംശയകരമാണ്," അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള ഒന്നാം പ്രതി ഡോ. റാമിനെ ഉടൻ പിടികൂടണമെന്നും കുടുംബം ആവശ്യപ്പെട്ടു.


