തിരുവനന്തപുരം : എംആര്‍എഫ് കമ്പനിയിലെ ശമ്പളം സംബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ ശരാശരി 11000 രൂപയുടെ വര്‍ധനവ് ഉണ്ടാകും.
കമ്പനിയില്‍ മാനേജ്മെന്റും തൊഴിലാളികളുമായി ഉണ്ടാക്കിയിരുന്ന മുന്‍ കരാര്‍ പ്രകാരം അന്നത്തെ ശമ്പള വര്‍ധന 9500 രൂപയും 500 രൂപ അറ്റന്‍ഡന്‍സ് ബോണസും എന്ന നിലയില്‍ 10000 രൂപയായിരുന്നു. 2019 നവംബര്‍ രണ്ടിന് ഈ ത്രിവര്‍ഷ കരാരിന്റെ കാലാവധി അവസാനിച്ചിരുന്നു. സ്ഥാപനത്തിലെ 14-ാമത് ദീര്‍ഘകാല കരാര്‍ നടപ്പാക്കണമെന്ന തൊഴിലാളികളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ തലത്തിലും ലേബര്‍ കമ്മീഷണര്‍ തലത്തിലും വിവിധ യോഗങ്ങള്‍ നടത്തിയിരുന്നുവെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച തീരുമാനിച്ചത്.
മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ മാര്‍ച്ച് 16, 17 തീയതികളില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ് വേതന വര്‍ധന സംബന്ധിച്ച അന്തിമ സെറ്റില്‍മെന്റ് രൂപപ്പെട്ടത്. ഇതനുസരിച്ച് മൊത്തം ശമ്പളത്തില്‍ 10500 രൂപയും അറ്റന്‍ഡന്റ്സ് ഇന്സന്റീവിനത്തില് 500 രൂപയും തൊഴിലാളികള്‍ക്ക് വര്‍ധന ലഭിക്കും. മാര്‍ച്ച് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും വേതന വര്‍ധനവ്.
26 ദിവസം തുടര്‍ച്ചയായി ജോലിക്കെത്തിയാല്‍ 1100 രൂപയും 25 ദിവസം ജോലിക്ക് വരുകയും ഒരു അനുവദനീയ ലീവ് എടുക്കുകയും ചെയ്താല്‍ 1000 രൂപയുമായിരിക്കും അറ്റന്‍ഡന്റ്സ് ഇന്‍സന്റീവ് ഇനത്തില്‍ തൊഴിലാളിക്ക് നല്കപ്പെടുന്നത്. ചര്‍ച്ച ചെയ്യപ്പെടാനുള്ള മറ്റ് വിഷയങ്ങളില്‍ കമ്പനി മാനേജ്മെന്റും തൊഴിലാളി സംഘടനകളും ചേര്‍ന്ന് മാര്‍ച്ച് 31-നകം നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്കി.
യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) കെ.ശ്രീലാല്‍, സിഐടിയു,ഐഎന്‍ടിയുസി,ബിഎംഎസ് തൊഴിലാളി യൂണിയന് നേതാക്കളായ പി.സി.വിഷ്ണുനാഥ് , കെ.ജെ.തോമസ്, പ്രദീപ്കുമാര്‍,അരുണ്‍ ടി.അനിയന്, മാത്യു വര്‍ഗീസ്, സി.ജി.ഗോപകുമാര്‍, റിജു തോമസ് മുതലായവരും മാനേജ്മെന്റ് പ്രതിനിധികളായ പി.നൈനാന് ജേക്കബ്ബ്, ബി.പ്രഹ്ളാദ് റെഡ്ഡി, മൈക്കല്‍ എ.റിബേറോ,ഐസക് തമ്പുരാജ്, ജെ.ജോണ്‍ സ്റ്റീഫന്‍,ചെറിയാന് ഏലിയാസ്,ജേക്കബ്ബ്, എസ്.ഷിജു മുതലായവരും പങ്കെടുത്തു.