തിരുവനന്തപുരം : ജനത കർഫ്യു ഗ്രാമ, നഗര ഭേദമന്യ ജനജീവിതം നിശ്ചലമായി. പൊതു ഗതാഗത സംവിധാനം പ്രവർത്തിച്ചില്ല. വീടുകളിൽ നിന്ന് ജനങ്ങൾ പുറത്തിറങ്ങിയില്ല. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞു കിടന്നു. ബസും ട്രെയിനും ഉൾപ്പടെയുളള ഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല.
ഹർത്താൽ ദിനത്തിലുണ്ടാകുന്നതിനപ്പുറം നിശ്ചലമായിരുന്നു സംസ്ഥാനത്ത് ഇന്ന് ജനജീവിതം. പ്രധാന തെരുവുകൾ ഏറെക്കുറെ വിജനമായിരുന്നു. കെഎസ്ആർടിസി സർവീസുകളൊന്നും നടത്തിയില്ല. ബസുകൾ ഉൾപ്പടെയുളള സ്വകാര്യ വാഹനങ്ങളും സർവീസുകൾ റദ്ദാക്കി. അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവന്ന ചുരുക്കം ചിലർ മാത്രമാണ് നിരത്തുകളിലുണ്ടായിരുന്നത്. നിരവധി മെഡിക്കൽഷോപ്പുകൾ ഉണ്ടെങ്കിലും തുറന്ന് പ്രവർത്തിച്ചില്ല തുറന്നു പ്രവർത്തിക്കാത്തത് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗികളെ വലച്ചു.
ഫ്ലാറ്റുകളിൽ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് അതത് റസിഡൻസ് അസോസിയേഷനുകളുടെ നിർദേശമുണ്ടായിരുന്നു. ജനത കർഫ്യൂവിൻറെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

