തിരുവനന്തപുരം : കോവിഡ് 19 വൈറസ് ഭീതിയെ തുടർന്ന് അയൽസംസ്ഥാനങ്ങളിലേക്കുള്ള അതിർത്തികൾ അടച്ച് കേരളവും തമിഴ് നാടും ജാഗ്രത പുലർത്തി പരമാവധി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ്. കേരള അതിർത്തിയായ കളിയിക്കാവിളയിലും വാഹനം നിയന്ത്രണം.
ട്രാൻസ്പോർട്ട് ബസുകൾ, ചരക്ക് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ സ്വകാര്യ വാഹനങ്ങളും തടയുന്നു. കടത്തിവിടുന്ന വാഹനങ്ങളിൽ മരുന്ന് അടിച്ചതിനുശേഷം ആണ് കടത്തിവിടുന്നത്. ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടുന്നില്ല. ഇന്നു പുലർച്ചെ മുതലാണ് നിയന്ത്രണം ആരംഭിച്ചത്.
തമിഴ്നാട് പോലീസ് ആണ് ആദ്യം വാഹനങ്ങൾ തടഞ്ഞത്. തുടർന്ന് കേരള പോലീസും നിയന്ത്രണം ആരംഭിച്ചു. ചെക്ക് പോസ്റ്റിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്ന അധികൃതർ യാത്രക്കാരെ പരമാവാധി തിരിച്ചയക്കാനാണ് ശ്രമിക്കുന്നത് .
ചെക്ക് പോസ്റ്റ് കടന്ന് ഇരുവിഭാഗത്തും ജോലിക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട് . തെർമൽ പരിശോധനയടക്കം നടത്തിയാണ് ആളുകളെ ചെക്ക് പോസ്റ്റിലൂടെ കടത്തി വിടുന്നത്. തിരുവനന്തപുരത്തേക്ക് സർവ്വീസ് ടിഎൻഎസ്ടിസി കെഎസ് ആർടിസി ബസുകളെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത് .
എപ്പോൾ വേണമെങ്കിലും ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ സർവ്വീസുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട് . മരണം , ആശുപത്രി തുടങ്ങി അത്യാവശ്യ കാര്യങ്ങൾക്ക് വരുന്നവരെ മാത്രമാണ് അതിർത്തി കടന്ന് വരാൻ തമിഴ്നാട് അധികൃതർ അനുവദിക്കുന്നത് .




