കാട്ടാക്കട : കുറ്റിച്ചൽ ഗ്രമപഞ്ചായത്തിലെ പന്നിയോടിനു സമീപം കാട്ടുകണ്ടത്ത് വീടിനു തീപിടിച്ചു. കാട്ടുകണ്ടം കരിങ്കുന്നം ലിജോ ഭവനിൽ ആൽബർട്ടിന്റെ വീടിനാണ് തീ പിടിച്ചത്. ഓടിട്ട വീട് പൂർണ്ണമായും അഗ്നിക്കിരയായി.
ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ മേൽക്കൂരയിൽ തീകത്തുന്നത് ആൽബർട്ടിന്റെ ഭാര്യയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഭർത്താവിനെയും മക്കൾ ലിജോ, ജിജോയെയും വിളിച്ചു വരുത്തുകയും ആയിരുന്നു. നാട്ടുകാർ ഉൾപ്പെടെ തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് കള്ളിക്കാട് , കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സിന്റെ 2 യൂണിറ്റ് എത്തി ഒരുമണിക്കൂറോളം എടുത്തു തീ നിയന്ത്രണവിടെയമാക്കി, അതെ സമയം അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ലീക്ക് ആകുകയും തീ പിടിക്കുകയും ഉണ്ടായി അഗ്നിശമന ഉദ്യോഗസ്ഥരുടെ സമയേജിത ഇടപെടൽ വൻ ദുരന്തം ഒഴിവായി.
20 പവന്റെ സ്വർണ്ണാഭരണങ്ങൾ, ലിജോ പുതിയ വീടിന്റെ നിർമ്മാണത്തിന് ചിട്ടി പിടിച്ചു കിട്ടിയ അൻപതിനായിരം രൂപ, ആൽബർട്ടിന്റെ ഭാര്യ അയൽ കൂട്ടത്തിനു സ്വാരൂപിച്ച പതിനായിരത്തോളം രൂപ, നാലു അലമാരകൾ, രണ്ടു മേശ, ആറു കസേരകൾ, രണ്ടു ഫ്രിഡ്ജ്, രണ്ടു ഗ്രൈൻഡർ, വിലപിടിപ്പുള്ള രേഖകൾ ഉൾപ്പടെ മുഴുവനും അഗ്നിക്കിരയായി.
ആൽബർട്ടിന്റെ മൂന്ന് മക്കളും വിവാഹിതരായ രണ്ട് ആൺമക്കളുടെ ഭാര്യമാരും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.