വിളപ്പിൽശാല : സ്വന്തം കിടപ്പാടം വീണ്ടെടുക്കാൻ വിധവയും ഭിന്നശേഷിക്കാരിയായ ഒരമ്മയും 11 വയസ്സുകാരി മകളും നിരാഹാരസമരത്തിൽ. കൊല്ലംകോണം എസ്എൻഡിപി ഹാൾ സമീപം ശാരികയും മകൾ ആറാം ക്ലാസുകാരി ഫാമിനിയും ശാരിയുടെ അമ്മ വിമലകുമാരിയുമാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ശാരിക്കക്ക് വിമുക്ത ഭടനായ പിതാവ് രവീന്ദ്രൻ നായർ ഇഷ്ടധാനം നൽകിയ രണ്ട് മുറി കടകൾ അടങ്ങുന്ന കൊല്ലംകോണം എസ്എൻഡിപി ഹാൾ സമീപത്തെ വീട് കാലാവധി കഴിഞ്ഞിട്ടും വാടകക്കാരൻ ഒഴിയാൻ കൂട്ടാക്കുന്നില്ല.
പച്ചക്കറി- പഴ കച്ചവടത്തിന് അൻവർ എന്ന ആളിന് ഒന്നര വർഷം മുൻപ് രണ്ടു കടമുറികൾ ആണ് ശാരിക വാടകയ്ക്ക് നൽകിയത്. എന്നാൽ ആറു മാസം മുൻപ് ശാരികയും മകളെയുംപുറത്താക്കി ഇയാൾ വീട് കയ്യടക്കി. തുടർന്ന് ശാരിയുടെ വസ്തുവും റോഡും കയ്യേറി അനധികൃത ഷെഡ് നിർമ്മിച്ചു.
ശാരികയുടെ പരാതിയെ തുടർന്ന് നാലുമാസം മുൻപ് പഞ്ചായത്ത് അധികൃതർ എത്തി റോഡിലേക്കുള്ള ഇറക്കി കെട്ടുകൾ പൊളിച്ചു നീക്കി. തൻറെ കിടപ്പാടം കൂടി ഒഴിപ്പിച്ചു തരണമെന്ന് ശാരികയുടെ ആവശ്യം പഞ്ചായത്തും പൊലീസും ചെവിക്കൊണ്ടില്ല. ഇതോടെ ശാരികയും മകളും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒടുവിൽ പോലീസും ജനപ്രതിനിധികളും വാടക കരാറുകാരനും ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. നാലുമാസത്തിനുള്ളിൽ കെട്ടിടം ഒഴിഞ്ഞു നൽകാമെന്ന് ഇയാൾ വിളപ്പിശാല സി.ഐയ്ക്ക് മുന്നിൽ ഉറപ്പുനൽകി.
എന്നാൽ നാലു മാസം കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാൻ അൻവർ കൂട്ടാക്കിയില്ല. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്ന് ശാരിക പറയുന്നു. ഒരിടത്തുനിന്നും തങ്ങൾക്ക് നീതി ലഭിക്കുന്നില്ല എന്ന് ഉറപ്പായതോടെ ആണ് ശാരികെ മകളും ഇന്നലെ നിരാഹാര സമരവുമായി തെരുവിലിറങ്ങിയത്.
നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന പേയാട് വിളപ്പിശാല റോഡിൽ നടപ്പാത കൂടി കയ്യേറിയാണ് അൻവർ കച്ചവടം നടത്തുന്നത്. ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇത് കാരണമാകുന്നു. പഞ്ചായത്ത് ലൈസൻസില്ലാതെയാണ് കട പ്രവർത്തിക്കുന്നത്. ഇക്കാരണങ്ങൾ സൂചിപ്പിച്ച് വിളപ്പിൽ പഞ്ചായത്തിന് കത്ത് നൽകുമെന്ന് വിളപ്പിശാല സി ഐ സജിമോൻ പറഞ്ഞു.




