നെയ്യാറ്റിന്‍കര : അമരവിള പഴയപാലത്തിലും പാതയോരങ്ങളില്‍ മാലിന്യം കുന്നുകൂടുന്നു. ഹോട്ടല്‍മാലിന്യം ഉള്‍പ്പെടെയുള്ളവ ചാക്കിലാക്കില് കെട്ടിയാണ് തള്ളുന്നത്. രാത്രികാലങ്ങളിലാണ് മാലിന്യം കൂടുതലും തള്ളുന്നത് . മാംസാവശിഷ്ടമുള്‍പ്പെടെയുള്ള മാലിന്യമാണ് തള്ളുന്നത്. മാലിന്യം ചീഞ്ഞുനാറുന്നതുമൂലം അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. മാലിന്യങ്ങള്‍ കുമിയുന്നതുമൂലം തെരുവ് നായകളുടെ ശല്യവും രൂക്ഷമായിരിക്കുകയാണ് . ആരോഗ്യവകുപ്പിലെ ജീവനക്കാരുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പരിസര പ്രദേശങ്ങള്‍ക്കും തീരാശാപമായി മാലിന്യങ്ങള്‍.
മാലിന്യങ്ങള്‍ മഴവെള്ളത്തോടൊപ്പം നെയ്യാറിൽ പതിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ദേശീയപാതയില്‍ അമരവിള പാലത്തില്‍ നിന്നും നദിയിലേയ്ക്ക് മാലിന്യക്കിറ്റുകള്‍ വലിച്ചെറിയുന്നതായ ആരോപണം ഇപ്പോഴും തുടരുന്നു. ഇതിനു സമീപം പ്രദേശത്തേക്കായി ശുദ്ധജലം പമ്പ് ചയ്യുന്ന സ്റ്റേഷനും ഉണ്ട്. വഴിമുക്കും അമരവിളയുമാണ് ദേശീയപാതയില്‍ നഗരസഭയുടെ പ്രവേശനകവാടങ്ങള്‍. ഈ രണ്ടിടത്തും മാലിന്യക്കൂമ്പാരങ്ങള്‍ കാണാ നാകും. നഗരം ശുചിത്വവത്കരി ക്കണമെന്ന് വെറുതെ സ്വപ്നം കാണുകയും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും മാത്രമായാല്‍ വൃത്തി യാകില്ലല്ലോ.
വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് റോഡരികിലേയ്ക്ക് വലിച്ചെറിയുന്ന പ്രവണത കൂടി വരികയാണ്. വൃത്തിഹീനമായ ഓടകളും വഴിയരികിലെ പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായി മാറുകയാണ്. റോഡരികിലേയ്ക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളുടെ കൂട്ടത്തില്‍ മാംസാവശിഷ്ട ങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുറവല്ല.
ചിലയിടങ്ങളില്‍ റോഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്ന പതിവുമുണ്ട്. യഥാസമയം മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ ഇത്തരത്തില്‍ കത്തിക്കുന്നതും ദോഷകരമാണ്. വിഷലി പ്തമായ വാതകങ്ങളാണ് പ്ലാസ്റ്റിക് മുതലായവ കത്തിക്കുന്നതിലൂടെ പുറത്തു വരുന്നത്. വിദ്യാര്‍ഥികള്‍ അടക്കമുള്ള വഴിയാത്രക്കാര്‍ സഞ്ചരിക്കുന്ന പാതയോരത്ത് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ പ്രദേശത്തുള്ളവര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം ഒരുപോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.




