കാട്ടാക്കട : കാട്ടാക്കട പട്ടണത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പൊതു റോഡിലെ സ്ലാബുകൾ കാണാനില്ല. സ്ലാബുകളും അവശിഷ്ടങ്ങളും കൊണ്ടു വയൽ നികത്തൽ എന്നും യൂത്ത് കോൺഗ്രസ്. കാട്ടാക്കട മാർക്കറ്റ് റോഡിൽ നടക്കുന്ന ഓട നവീകരണ പ്രവർത്തനങ്ങളിൽ ഗുരുതര ആരോപണങ്ങളുമായി ആണ് യൂത്ത് കോണ്ഗ്രസ് തിങ്കളാഴ്ച്ച രാത്രിയോടെ സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചത്.
തിരക്കേറിയ റോഡിൽ പണി ഇഴഞ്ഞു നീങ്ങുന്നു എന്നും അലക്ഷ്യമായി മണ്ണ് കോരിയിട്ടും സ്ലാബുകൾ നിരത്തിയും പൊതുജനത്തിന് സഞ്ചാര തടസം ഉണ്ടാക്കുന്നു എന്നും, പഴയ നല്ല സ്ലാബുകൾ ഉൾപ്പടെ കടത്തി എന്നും ആരോപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. കോണ്ട്രാക്ടർ ഉൾപ്പടെ അധികൃതരോട് വിഷയം ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല എന്നും അന്വേഷണത്തിൽ സ്ളാബ് ഉൾപ്പടെ മറ്റു അവശിഷ്ടങ്ങൾ കാട്ടാക്കട പ്രദേശത്തെ നിലം നികത്താൻ ഉപയോഗിച്ചതായും കണ്ടെത്തി എന്നു യൂത്ത് കോണ്ഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എസ് റ്റി അനീഷ് ആരോപിച്ചു.
സ്ലാബുകൾ പൊട്ടിച്ചു ഇതിന്റെ കമ്പികൾ മറിച്ചു വിറ്റതായും ആരോപണം ഉന്നയിച്ചു. നേതാക്കളായ എസ് റ്റി അനീഷ്, ഷാജിദാസ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതോടെ സഞ്ചാര തടസം സൃഷ്ടിച്ചു കൂടിയിട്ടിരുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാം എന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.