കാട്ടാക്കട : പവിത്രമായി നാം കാത്തുസൂക്ഷിച്ചു വന്നിരുന്ന മതേതര രാജ്യമെന്ന ഇന്ത്യയുടെ നല്ല സൗന്ദര്യം നശിപ്പിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് കെ.എൻ.എ. ഖാദർ എംഎൽഎ കുറ്റപ്പെടുത്തി. യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി പൂവച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ദേദഗതി നിയമത്തിലൂടെ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണ് മോഡി - അമിത് ഷാ കൂട്ടുകെട്ട് ചെയ്യുന്നത്. വർഗീയ നിലപാടുകളിലൂടെ രാജ്യത്തെ കലാപ കലുഷിതമാക്കാനുള്ള സംഘപരിവാർ നീക്കങ്ങളെ ജാനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി നിന്നു ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ അധിഷ്ഠിതമായി മുന്നോട്ട് പോകുന്ന ഒരു രാജ്യത്ത് അവയെപോലും അപമാനിക്കുന്ന തരത്തിലാണ് മോദിയും കൂട്ടരും രാജ്യ ഭരണം കയ്യാളുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
നിയോജക മണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ശബരീനാഥൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ പ്രൊഫ. തോന്നയ്ക്കൽ ജമാൽ പൂവച്ചൽ ബഷീർ, എസ്.ജലീൽ മുഹമ്മദ്, സി.ആർ.ഉദയകുമാർ,ആനാട് ജയൻ, എൻ.ജയമോഹൻ,എൻ. ജ്യോതിഷ് കുമാർ, വിനോബാ താഹ, ഇറവൂർ പ്രസന്നകുമാർ, സത്യദാസ് പോന്നെടുത്തകുഴി, കൊണ്ണിയൂർ സലീം തുടങ്ങിയവർ സംസാരിച്ചു.