കാട്ടാക്കട : രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാട്ടാക്കട പട്ടണത്തിന് ഇതുവരെ മോചനമില്ല. കുരുക്ക് അഴിക്കാൻ പദ്ധതികൾമാത്രം പോര. ട്രാഫിക് സംസ്കാരംകൂടി മാറണം. കുരുക്കിൽ പെട്ടാൽ പിന്നെ മണിക്കൂറുകൾ ആകും വഴിയാത്രക്കാർക്ക് രക്ഷപ്പെട്ടു ലക്ഷ്യത്തിലെത്താൻ. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്തിന് എത്താന്‍ കഴിയുന്നില്ല. പിഎസ്സി പരീക്ഷക്ക് ഗതാഗതക്കുരുക്ക് മൂലം ഉദ്യോഗാര്‍ത്ഥികള്‍ക് സമയത്തിന് പരീക്ഷാ സെന്ററുകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.
ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്ന കാട്ടാക്കട പട്ടണത്തിൽ നിന്നും താണ്ടുന്നതിന് ആബുലൻസുകൾ ഏറെ പണിപ്പെടാറുണ്ട്. സമീപത്തെ സർക്കാർ ആശുപത്രി മുതൽ മറ്റ് ആശുപത്രികളിൽ നിന്ന് രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുവാൻ കാട്ടാക്കട പട്ടണം കടക്കണം. ഇതിനിടിയിൽപ്പെടുന്ന ആബുലൻസുകളെ വളരെ പണിപ്പെട്ടാണ് ട്രാഫിക്ക് നോക്കുന്ന പൊലീസ് കടത്തി വിടുന്നത്. വർഷങ്ങളായി കാട്ടാക്കട പട്ടണത്തിൽ അനധികൃത പാർക്കിങ്ങും, നടപ്പാത കയ്യേറ്റവും ഒപ്പം പ്രധാന റോഡുകളിൽ കയറ്റിറക്കും ആണ് കുരുക്കിന് പ്രധാന കാരണ മാകുന്നു. കൂടാതെ പട്ടണത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന പ്രകടനങ്ങളും ഘോഷ യകത്രകളും റോഡിനു കുറുകെ സ്ഥാപിക്കുന്ന കമാനങ്ങളും ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുന്നു.
കുണ്ടും കുഴിയുമായ റോഡിൽ ഇപ്പോൾ ഓട നവീകരണം നടക്കുന്നതിനാൽ പുതിയ സ്ലാബുകൾ നിരത്തി ഇട്ടിരിക്കുന്നതിനു സമീപം റോഡിൽ കയറ്റി പാർക്കിങ് കൂടെ ആയതോടെ കാട്ടാക്കട പട്ടണത്തിലെ യാത്ര ദുരിതം പതിന്മടങ്ങു ആകുന്നു. ചന്തക്ക് സമീപം കെ എസ് ആർ റ്റി സി ബസുകൾ നടുറോഡിൽ സമാന്തരമായി ആണ് പലപ്പോഴും ആളിറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഒരു വശത്തു വലിയ വാഹനം നിറുത്തിയിരിക്കുന്നത് കണ്ടാലും മറുവശത്ത് കൂടെയെത്തുന്ന വാഹനം മാറ്റി നിറുത്താൻ ഡ്രൈവർമാർ തയ്യാറാകില്ല. പ്രധാനമായും ചന്ത ദിവസങ്ങളിൽ ഇത്തരത്തിൽ ബസുകൾ നിൽക്കുന്നത് മറ്റു വാഹങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത കാരണം നിരനിരയായി കാത്തു കിടക്കണം ഇതിനു ഇടയിലൂടെ ചന്തയിൽ നിന്നനിറങ്ങുന്ന വാഹനങ്ങളും നിരയായി കിടക്കുന്ന വാഹനങ്ങളെ മറികടന്നു ഇവിടെയെത്തുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ പിന്നെ കാൽനട യാത്രക്കാർക്ക് കൂടെ കടന്നു പോകാൻ കഴിയാത്ത തരത്തിൽ കുരുക്കിലമരും.
വാഹനങ്ങൾ ഒരു വാഹനം ദിശ മാറാനോ, ഇട റോഡിലേക്ക് തിരിയാൻ നിറുത്തിയാലും ഇതിനിടയിലൂടെ കുത്തി തിരുകി കയറ്റുന്ന വാഹനങ്ങൾ കാരണം ഉണ്ടാകുന്ന കുരുക്കും പതിവ് കാഴ്ച്ച. കുരുക്കുണ്ടായാൽ മൂന്നു റോഡ് ചേരുന്ന പ്രധാന ജംഗ്ഷൻ തുടങ്ങി ബസ്റ്റാന്റ് വരെയും, പൂവച്ചൽ റോഡിൽ ഗുരുമന്ദിരം വരെയും, നെയ്യാർ ഡാം റോഡിൽ ക്രിസ്ത്യൻ കോളേജ് വരെയും നിമിഷ നേരം കൊണ്ട് വാഹനങ്ങൾ നിറയും. അതേ സമയം എത്ര കുരുക്കുണ്ടായാലും നിയന്ത്രിക്കാൻ ആകെ രണ്ടോ മൂന്നോ ഹോം ഗാർഡുകളാകും ഉണ്ടാകുന്നത്. ഇവർ ഓടിയെത്തി കുരുക്ക് കണ്ടുപിടിച്ചു വരുബോഴേക്കും ചിലപ്പോഴൊക്കെ നാട്ടുകാരോ വാഹന യാത്രികരോ ഒക്കെ തന്നെ കുരുക്കഴിക്കാൻ ഇറങ്ങേണ്ട അവസ്ഥയിലാണ്. എന്നാൽ ഇവരുടെ ഗതാഗത നിയന്ത്രണം പാലിക്കാൻ കൂട്ടാക്കാത്ത ഡ്രൈവർമാർ തോന്നിയപടി വീണ്ടും വാഹനങ്ങൾ മുന്നോട്ട് നീക്കി കുരുക്ക് മുറുകുന്നതോടെ വാക്കുതർക്കത്തിലും പിന്നെയത് പരസ്യമായ അസഭ്യം വിളിയിലേക്കും എത്തും. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ കുരുക്കിൽ പെടുകയും ഡ്രൈവർമാരുടെ അസഭ്യം വിളിക്കും ശാസനക്കും ഇരയാകുകയും ചെയ്യുന്നു.
കാട്ടാക്കടയിൽ ക്രമസമാധാനത്തിനും ഇതര സേവനങ്ങൾക്കുമായി ആകെയുള്ള 20 ഓളം പൊലീസുകാർക്ക് പരാതികളും, കോടതിയും, തെളിവെടുപ്പും, അന്വേഷണവും, ജനമൈത്രിയും, എസ് പി സി സി യും തുടങ്ങി ഒരുദ്യോഗസ്ഥനു നാലാളുടെ ജോലി ചെയ്യാനുണ്ട് എങ്കിലും ഇടക്കിടെ ഇവരുടെ സാനിധ്യത്തിനും ഇവിടെ പരിഹാരം കാണാൻ കഴിയില്ല. പ്രശ്ന പരിഹാരത്തിന് ട്രാഫിക്ക് പോലീസ് സംവിധാനം കൊണ്ടു വരണമെന്ന ആവശ്യം പോലും ഇതുവരെ നടപ്പായില്ല. കാട്ടാക്കടയിൽ ആർ റ്റി ഒ ഉണ്ടെങ്കിലും പൊതു നിരത്തിൽ ഇറങ്ങി രേഖകൾ ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തി വാഹന ബാഹുല്യം കുറക്കാൻ ഇവരും മിനക്കെടാറില്ല.
താലൂക്ക് ആസ്ഥാനം ആയ നാളുമുതൽ നിരവധി സർവ്വകക്ഷി യോഗങ്ങൾ കൂടുകയും ജില്ലാ ഭരണകൂടം ഇടപെട്ടു ഉണ്ടായ ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ പേപ്പറിൽ ആക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുൾപ്പടെ ചില പ്രഹസനങ്ങൾ കാണിച്ചു പോയതല്ലാതെ ഒന്നിനും തുടർ നടപടികൾക്ക് ആരും മിനക്കെട്ടില്ല. തലങ്ങും വിലങ്ങും ഉള്ള അനധികൃത പാർക്കിങ്ങും, ഓട്ടോ, പെട്ടി ഓട്ടോ, ടാക്സി സ്റ്റാണ്ടുകളും, കയ്യേറ്റങ്ങളും നിയന്ത്രിച്ചു നടപടി ഉണ്ടാക്കുകയും ഇട റോഡുകളിൽ ക്രമീകരണങ്ങൾ നടത്തുകയും കർശനമായി നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്താൽ പരിഹാരം കാണാവുന്ന പ്രശ്നമാണ് അധികൃതർ കണ്ടില്ല എന്നു നടിച്ചു പൊതു ജനത്തിന് ദുരിതം സമ്മാനിക്കുന്നത്. ക്രിസ്തുമസ് പുതുവത്സര തിരക്ക് ആരംഭിക്കാൻ ഇനി അധിക നാളില്ല. അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഉണ്ടായില്ലയെങ്കിൽ ക്രിസ്തുമസ് പുതുവത്സര കാലം കാട്ടാക്കടയിൽ സഞ്ചാരികൾ നക്ഷത്രമെണ്ണും.




