നെടുമങ്ങാട് : വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പെർഫോമൻസ് ഓഡിറ്റ് നടത്തി ഉദ്യോഗസ്ഥരുമായി തിരികെ കലക്ട്രേറ്റിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട വാഹനത്തിന്റെ ഡ്രൈവറെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരിച്ചു.
ആര്യനാട് മേലേച്ചിറ മറിയ നഗറിൽ വിശ്വദാസ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. വെള്ളനാടിനു സമീപം നാലുമുക്കിൽ വച്ച് വിശ്വദാസിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളനാട് ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഇദ്ദേഹത്തെ കൊണ്ടുപോയി.
യാത്രാമധ്യേ അസുഖം മൂർഛിച്ചതോടെ പേരൂർക്കട ആശുപത്രിയിൽ കയറ്റിയെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു. പെർമോഫൻസ് ഓഡിറ്റ് നടത്തുന്നതിനായി കലക്ട്രേറ്റിൽ നിന്നും അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണർ ശ്രീശുഭയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയത്. കലക്ട്രേറ്റിൽ ദിവസകൂലിയിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു വിശ്വദാസ്. ഭാര്യ: ജയ. മകൻ: ജോബിൻ വിദേശത്താണ്. ശവസംസ്കാരം പിന്നീട് നടക്കും.




