തിരുവനന്തപുരം : കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പക്ടർ ബി.ആർ, സുരൂപ് നേതൃത്വം നൽകിയ പ്രത്യേക സ്ക്വാഡിന്റെ പരിശോധനയിൽ റെയിഞ്ച് അസി. എക്സൈസ് ഇൻസ്പക്ടർ വി.ജി.സുനിൽകുമാറും സംഘവും ചേർന്ന് കുണ്ടമൺഭാഗം കുരിശുമുട്ടത്തു നിന്നും 150 ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിളവൂർക്കൽ പേയാട് അലകുന്നം ബിന്ദു ഭവനിൽ ബിനു (46) വിനെ എക്സൈസ് സംഘം പിടികൂടി.
ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ വീട് വാടകയ്ക്ക് എടുത്താണ് വ്യാജ ചാരായ നിർമ്മാണം നടത്തിയിരുന്നത്. ബിനു മൂന്നു വർഷത്തോളമായ വ്യാജ ചാരായ നിർമ്മാണം തുടങ്ങിയിട്ട്. വാടക വീട്ടിനുള്ളിൽ രണ്ടു വലിയ പ്ലസ്റ്റിക്ക് ബാരലുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. മദ്യത്തിന്റെ ഗന്ധം പുറത്തു വരാതിരിക്കാൻ അത്യആധുനിക രീതിയിൽ ആണ് ചാരായം വാറ്റിയിരുന്നതു. ഗ്യാസ് അടുപ്പിൽ വലിയ പാൽ കാനിൽ കാർഷിക അവശ്യങ്ങൾക്കു പമ്പ് സെറ്റിന് വെക്കുന്ന പൈപ്പ് ഘടിപ്പിച്ച് ഇതിലൂടെ മറ്റൊരു ഹോസ് വഴി രണ്ടു പത്രങ്ങളിൽ ഘടിപ്പിച്ചു മദ്യം കുപ്പിയിൽ നിറക്കുന്ന സംവിധാനമാണ് സജ്ജീകരിച്ചിരുന്നത്. ലിറ്ററിന് 800 ഉം 1000 രൂപയാണ് ഈടാക്കിയിരുന്നത്. സ്പിരിറ്റ് കലരാത്ത ചാരായമായതിനാൽ ഡിമാന്റ് കൂടുതൽ ആയിരുന്നു.
സ്ഥിരം ഉപഭോക്താക്കൾക്കും വിശ്വസ്തരായവർക്കും ഏറെ അടുപ്പം ഉള്ളവർക്കും ആണ് ഇയാൾ ചാരായം വിൽക്കുന്നത്. കൂടതെ കാട്ടാക്കട, പേയാട്, വിളപ്പിൽശാല ,മലയിൻകീഴ് എന്നീ ഭാഗത്തും തിരുവനന്തപുരം നഗരപ്രദേശത്തെ പ്രധാന സർക്കാർ-സ്വാകാര്യ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥരും ഓട്ടോ ടാക്സി ഡ്രൈവർമാർ, മുന്തിയ ഹോട്ടലുകളിലെ ജീവനക്കാർ തുടങ്ങി ഇയാളുടെ വിശ്വസ്തരായ ഉപഭോക്താക്കളാണ്. വിവാഹം തുടങ്ങി മറ്റു ആഘോഷങ്ങൾക്കും ഓര്ഡര് അനുസരിച്ച് ചാരായം വാറ്റി കൊടുക്കുകയാണ് പതിവ് രീതി.
ഇക്കഴിഞ്ഞ ഓണക്കാലത്ത് പ്രദേശങ്ങളിൽ വ്യാജ ചാരായം ഉണ്ടെന്ന വിവരം ലഭിച്ച എക്സൈസ് അന്വേക്ഷണം നടത്തുകയും ബിനുവിനെ തിരിച്ചറിയുകയും ഉണ്ടായി. നാളുകളായി ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. ക്രിസ്തുമസ് ന്യൂ ഇയർ ഭാഗമായി കൂടുതൽ വാറ്റ് നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഒരാഴ്ചയോളം സ്പെഷ്യൽ പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ചൊവാഴ്ച്ച രാത്രിയോടെ വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ ഇയാൾ പിടിയിലാകുന്നത്.
വിൽപ്പനയ്ക്കായിവച്ചിരുന്ന 35 ലിറ്റർ വീതം വരുന്ന 4 കന്നാസിലും 10 ലിറ്ററിന്റെ ഒരു കന്നാസിൽ ഉൾപ്പടെ 150 ലിറ്റർ ചാരായവും കോടയും, പാചക വാതക സിലിണ്ടർ, അടുപ്പ്, വാറ്റാനായുള്ള അനുബന്ധ ഉപകരണങ്ങൾ ചാരായം നിറക്കുന്നതിനായി സൂക്ഷിച്ചിരുന്ന കുപ്പികൾ , ചാരായം അവശ്യക്കാരന് എത്തിക്കാൻ ഉപയോഗിക്കുന്ന സ്കൂട്ടർ, ചാരായം വില്പപന നടത്തിയ വകയിൽ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന 11,350 രൂപ എന്നിവ സഹിതം പിടിച്ചെടുത്തു. ഇയാളിൽ നിന്നും 2,50,000 രൂപയിൽ കൂടുതൽ വില മതിപ്പുള്ള സാധനങ്ങളാണ് പിടിച്ചെടുത്തവ. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, ഹർഷകുമാർ, രാജീവ് ഷംനാദ്, പ്രശാന്ത്, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെയും പിടിച്ചെടുത്തവയും കോടതിയിൽ ഹാജരാക്കും.