നെടുമങ്ങാട് : ആനാട് രണ്ട് ചന്തകൾ കൊണ്ടു തന്നെ ജനശ്രദ്ധ നേടിയ ആനാടമൃതം കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് കുട്ടി പോലീസ്. എസ്.എൻ.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം, സ്റ്റുഡന്റ്സ് പോലീസ്, സ്കൗട്ട് ആൻറ് ഗൈഡ്സ് വോളണ്ടിയേഴ്സും സംയുക്തമായാണ് സല്യൂട്ട് മാർക്കറ്റ് നടത്തിയത്.
ആനാട് ജംഗ്ഷനിൽ നടന്ന രണ്ടാം ചന്തയിലും കുട്ടികൾ എത്തി കർഷകർക്ക് സഹായികളായി മാറി. സല്യൂട്ട് സ്വീകരിക്കുവാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കർഷകർക്കൊപ്പമെത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർഷാൻ, പി.റ്റി.എ പ്രസിഡന്റ് നാഗച്ചേരി റഹീം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ഷിരീഷ്, ഹെഡ്മിസ്ട്രസ് ബീന. വി.എസ്, എൻ.എസ്.എസ് പ്രോഗ്രാം ആഫീസർ രഞ്ചിത്ത് എസ്.പി.സി ആഫീസർ ശോഭ തുടങ്ങിയവർ ചന്തയ്ക്ക് നേതൃത്വം നൽകി. കൃഷി ആഫീസർ എസ്.ജയകുമാർ, കൃഷി അസിസ്റ്റൻറ് ആനന്ദ്, ഇക്കോഷോപ്പ് സെക്രട്ടറി പ്രമോദും സംഘാടന നേതൃത്വം വഹിച്ചു.
കുട്ടികൾ തന്നെ വിപണന നേതൃത്വം വഹിച്ച ചന്തയിൽ വാഴക്കുലകളും, വിവിധ തരം കിഴങ്ങുവർഗങ്ങളുമൊക്കെ വില്പനയ്ക്കുണ്ടായിരുന്നു. കുട്ടികൾ അർപ്പിച്ച അഭിവാദ്യവും ആവേശവും ഭാവി കൃഷിക്കും: കർഷക ചന്തക്കും ഗുണം ചെയ്യുമെന്ന് മാതൃകാ കർഷകരായ പുഷ്ക്കരൻ പിള്ളയും തങ്കരാജും അഭിപ്രായപ്പെട്ടു.




