തിരുവനന്തപുരം : നിർധനരും നിരാശ്രയരുമായ രോഗികൾക്ക് സഹായഹസ്തവുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മ 'സ്പർശം' പ്രവർത്തനം ആരംഭിച്ചിട്ട് 13 വർഷം പൂർത്തിയാകുന്നു. ഒരു പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെ കൈയ്യൊപ്പ് പതിഞ്ഞ ആശ്വാസ സ്പർശത്തിന്റെ തണലിൽ മയങ്ങിയ നിരാശ്രയ രോഗികൾ നിരവധി.
ഇന്നും സ്നേഹ സാന്ത്വനവുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന പ്രവർത്തനത്തിന് പിൻബലമേകാൻ അധ്യാപകരും പൂർവ വിദ്യാർത്ഥികളും എത്തുന്നുവെന്നത് ആ പുണ്യകർമ്മത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. 2006 എം ബി ബി എസ് വിദ്യാർത്ഥികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർധനരും നിരാശ്രയരുമായ രോഗികൾക്ക് സഹായം നൽകാനായി സ്പർശം ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് രൂപം കൊടുത്തത്.
വിദ്യാർത്ഥികൾ അവരുടെ കഴിവും കരവിരുതും ഉപയോഗിച്ച് നിർമ്മിക്കുന്ന കരകൗതുക വസ്തുക്കൾ, പെയിന്റിംഗുകൾ എന്നിവ ആർദ്ര സ്പർശം എന്ന പേരിൽ പ്രത്യേകം പ്രദർശനം സംഘടിപ്പിച്ച് വിൽക്കുകയും അതിൽ നിന്നുള്ള ലാഭം പാവപ്പെട്ട രോഗികൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നുവെന്നതാണ് മറ്റു ചാരിറ്റബിൾ സൊസൈറ്റികളിൽ നിന്നും സ്പർശത്തെ വേറിട്ടു നിർത്തുന്നത്. ഡോക്ടർമാരും ഹൗസ് സർജന്മാരും പി ജി വിദ്യാർത്ഥികളുമെല്ലാം വാർഡുകളിൽ ആരോരുമില്ലാതെ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ വിവരങ്ങൾ സ്പർശത്തിന് കൈമാറും.
സ്പർശം പ്രതിനിധികൾ ഈ രോഗികളെ സന്ദർശിച്ച് അവരുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ടാൽ സഹായം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, ഭക്ഷണം, വസ്ത്രം, വിവിധ പരിശോധനകളുടെ ചെലവുകൾ വേണ്ടിവന്നാൽ അതിനുള്ള ചെലവുകൾ എല്ലാം നൽകും. രോഗം ഭേദമായി ആശുപത്രി വിടുന്നതു വരെ ഇതു തുടരും. കോളേജ് യൂണിയനും അതിനു വേണ്ട എല്ലാ സഹായങ്ങളും വിദ്യാർത്ഥികൾക്ക് നൽകും. പുതിയ എം ബി ബി എസ് ബാച്ച് ആരംഭിക്കുമ്പോൾ അവരായിരിക്കും സ്പർശത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. അതു കൊണ്ടു തന്നെ യാതൊരു കാരണവശാലും പദ്ധതി മുടങ്ങിപ്പോകുന്ന സാഹചര്യവുമില്ല. ലോക മെഡിക്കൽ കൗൺസിൽ കേരള എഡിഷന്റെ മെഡിക്കൽ എക്സലൻസ് അവാർഡ് സ്പർശം ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് ലഭിച്ചിട്ടുണ്ട്.
സ്വന്തം കഴിവുകളിലൂടെ സൃഷ്ടിക്കുന്ന ഉല്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയുന്നുവെന്നത് അവർക്ക് കൂടുതൽ പ്രചോദനവുമാകുന്നുണ്ട്. 2006 ബാച്ചിലെ വിദ്യാർത്ഥികൾ ഏറ്റെടുത്തു നടപ്പാക്കിയ പദ്ധതിയ്ക്ക് അംഗീകാരം കൂടി വരുന്നുവെന്നതും ശ്രദ്ധേയമാണ്.




