ഉഴമലയ്ക്കൽ : നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കൽ പഞ്ചായത്തിൽ മങ്ങാട്ടുപാറ എന്ന പ്രകൃതി രമണീയമായ സ്ഥലം ക്വാറികൾക്ക് പാറ ഖനനത്തിനായി ലഭിച്ച നിരാക്ഷേപ സർട്ടിഫിക്കറ്റിൽ പ്രതിഷേധിച്ച് കെ.എസ്.യു ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റി കൊടിനാട്ടി.
കുര്യാത്തി മങ്ങാട്ട് പാറയിൽ 15 ഏക്കറും വാണിയൻപാറയിൽ നിലവിൽ പ്രവർത്തിയ്ക്കുന്ന ക്വോറിമാഫികൾക്ക് സമീപത്തുള്ള ഗവൺമെന്റ് ഭൂമിയും ലീസിനു കൊടുത്തതായി വിവരാവകാശ രേഖകൾ പുറത്തു വന്നതിനെ തുടർന്ന് പ്രദേശ വാസികളിൽ പ്രതിഷേധം ശക്തമായതിനെ അടിസ്ഥാനത്തിൽ കെ.എസ്.യു ഏറ്റടുക്കുകയായിരുന്നു.
പ്രകൃതി രമണീയമായ സ്ഥലമാണ് മങ്ങാട്ട് പാറ കുന്നുകൾ അതിനെയാണ് രഹസ്യമായി സ്വകാര്യ വ്യക്തികൾക്ക് ലീസിന് എഴുതി കൊടുത്തത്. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സ്ഥലം എംഎൽഎ, എംപി അടക്കമുള്ളവർക്ക് ഉടൻ തന്നെ പരാതി നൽകുമെന്നും കെ.എസ്.യു മണ്ഡലം പ്രസിഡന്റ് എംഎസ് അഭിജിത്ത് പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് ഉഴമലയ്ക്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവ് സത്യൻ ,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി വിപിൻ പുളിമൂട്, അജിഷ് ചക്രപാണിപുരം, അക്ബർഷാ, മനു,ഷൈജു തുടങ്ങിയവർ പങ്കെടുത്തു.