തിരുവനന്തപുരം : നിലമ്പൂരിലെ പ്രളയത്തെ തുടർന്ന് പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടിയെ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിലെത്തിച്ചു. നിലമ്പൂരില് നിന്നും തന്നെ എത്തിയ മൂന്നു വയസുകാരൻ മനുവിനോടൊപ്പവും, രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂർണ്ണ, ഒരു വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ അർജുനൻ, എന്നിവരോടൊപ്പമാണ് രണ്ടു മാസം പ്രായമുള്ള ഇവളും. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് നിലമ്പൂരിൽ നിന്നും കാപ്പുക്കാടെത്തിച്ചത്.
ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിൽ പരിചരണത്തിനായി മാറ്റിയിരിക്കുകയാണ്. പാപ്പാൻ രവീന്ദ്രന്റെ പരിചരണത്തിലാണ് ആനകുട്ടി. രവീന്ദ്രനുമായി വളരെ പെട്ടെന്ന് ഇണങ്ങിയെങ്കിലും തുമ്പികൈ കൊണ്ട് നിലത്തും, ജനലിലും, വാതിലും ഒക്കെ പരതുകയാണ്. ആരെങ്കിലും ജനാലയുടെ അരികിൽ എത്തിയാൽ ഓടിയെത്തി തുമ്പികൈ ജനാലയുടെ പുറത്തിട്ടു വന്നവരുടെ ഗന്ധം മനസിലാകുകയും തുടർന്ന് രവീന്ദ്രന്റെ അടുക്കൽ ഓടിയെത്തും. വെറ്റിനറി ഡോക്റ്ററുടെ നിർദേശ പ്രകാരമാണ് ആനക്കുട്ടിയുടെ ദിനചര്യകൾ ക്രമീകരിക്കുന്നത്. ഇപ്പോൾ ആനക്കുട്ടിക്ക് ലാക്റ്റോജെൻ നൽകുന്നു.
രണ്ടാഴ്ച്ചത്തെ നിരീക്ഷണ ത്തിനു ശേഷം സന്ദർശകർക്ക് ഇവളെ കാണാൻ നൽകൂ. പുതിയ അതിഥിയുടെ വരവോടെ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ കുട്ടിയാനകൾ ആറായി. ഇക്കഴിഞ്ഞ14 നാണു ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. നിലമ്പൂരിലെ പ്രളയത്തെ തുടർന്ന് ഒഴുക്കിൽപ്പെട്ടു വന്ന കുട്ടിയാന കരയിലേക്ക് കയറി ഒറ്റപ്പെട്ട അവസ്ഥയിൽ കണ്ട നാട്ടുകാർ നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
റേഞ്ച് ഓഫീസർ രാഗേഷിന്റെ നേതൃത്വത്തിൽ, നെടുങ്കയം, പടുക്ക സ്റ്റേഷൻ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി ആനക്കുട്ടിയെ കാട്ടിലേക്ക് ആറു കിലോമീറ്റർ താണ്ടി കയറ്റി വിട്ടു. എന്നാൽ കുട്ടിയാനയെ കയറ്റി വിട്ട രണ്ടിടങ്ങളിൽ ആനക്കൂട്ടങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടാതെ കടന്നു പോയി. അടുത്ത ദിവസം ആനക്കുട്ടിയെ വീണ്ടും ജനവാസ കേന്ദ്രത്തിൽ കാണുകയും തുടർന്ന് വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തി പടുക്ക സ്റ്റേഷനിൽ എത്തിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആനക്കുട്ടിയെ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ആനക്കുട്ടിയെ കാപ്പുകാട് ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് കുമാർ, ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങി.