തിരുവനന്തപുരം : തിരുവല്ലം പാലം ജംഗ്ഷനില്‍ ബൈപാസ് വികസനത്തോടുകൂടി ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാല്‍ പൊള്ളുന്ന വെയിലില്‍ ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. അതിരാവിലെ മുതല്‍ വൈകുന്നേരം വരെ ചുട്ടുപൊള്ളുന്ന വെയിലാണ് ഈ പ്രദേശത്ത്.
ക്ഷേത്രത്തിലെത്തുന്നവരും മറ്റ് സ്കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി തിരുവനന്തപുരം തിരുവല്ലം കോവളം എന്നീ ഭാഗത്തേക്കുള്ള യാത്രയ്ക്കായി ഇവിടെ ബസ് കയറാന്‍ എത്തുന്നത്. ബൈപ്പാസ് വികസനത്തോടെ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍മ്മിച്ച ബസ്കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി. പകരം സംവിധാനം പുനര്‍നിര്‍മ്മിച്ചിട്ടും ഇല്ല.
തിരുവല്ലം പാലം ജംഗ്ഷനില്‍ നിന്നും മാറി സര്‍വീസ് റോഡില്‍ നാഷണല്‍ ഹൈവേ അതോറിറ്റി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങള്‍ക്ക് ഈ ഉപകാരപ്രദമായ സ്ഥലത്തല്ല സ്ഥാപിച്ചിരിക്കുന്നത്. തിരുവല്ലം ക്ഷേത്രത്തില്‍ ബലികര്‍മ്മം കഴിഞ്ഞ് ഇവിടെ നിന്ന് ബസ് കയറി ലക്ഷ്യസ്ഥാനങ്ങളില്‍ പോകേണ്ടത് ആയതിനാല്‍ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്ക്കാതെ നില്‍ക്കുന്നതിന് അടിയന്തരമായി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്ന് പരശുരാമ ക്ഷേത്രവികസന സമിതി സെക്രട്ടറി തിരുവല്ലം ഉദയന്‍ ആവശ്യപ്പെട്ടു.




