തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കാട്ടാക്കട മണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന "മികവിന്റെ സൗഹൃദവട്ടം" പരിപാടി പേയാട് എസ്.പി തിയേറ്ററിൽ വച്ച് സംഘടിപ്പിച്ചു.
ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷനായ പരിപാടി ലോക പ്രശസ്ത മന്ത്രികൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിർവ്വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാഗതമാശംസിച്ചു. പരിപാടിയൊടനുബന്ധിച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യാനായുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഗോപിനാഥ് മുതുകാടിന്റെ പ്രസംഗം വളർന്നു വരുന്ന യുവ തലമുറയ്ക്കും രക്ഷിതാക്കൾക്കും വളരെ പ്രചോദനകരവും സൻമാർഗ്ഗദർശ്ശിതവുമായിരുന്നു.
അധുനിക കാലഘട്ടത്തിൽ വീടുകളിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയവും സൗഹൃദവും കുറയുന്നതായും ആ കൂട്ടിന്റെ കുറവാണ് യുവതലമുറയെ തിൻമയുടെ കൂട്ടുകെട്ടുകളിൽ ചാടിച്ച് മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ദിവസവും ഒരു മണിക്കൂർ എങ്കിലും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിന് സമയം ചിലവഴിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി എല്ലാ വിഷയങ്ങൾക്കും എ+ നേടിയ 300 ലധികം വിദ്യാർത്ഥികൾ ഐ.ബി.സതീഷ് എം.എൽ.എ യിൽ നിന്ന് അനുമോദനം എറ്റുവാങ്ങി.