അരുവിക്കര: കര്‍ക്കടകവാവ് ബലി സമര്‍പ്പണത്തിനും കാർഷിക വ്യാവസായിക പ്രദർശനമേളയുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി. താലൂക്കിലെ പ്രധാന ബലിതർപ്പണകേന്ദ്രങ്ങളിലൊന്നാണ് അരുവിക്കര. ഡാമിനു മുന്നിലെ ബലിതർപ്പണകേന്ദ്രം കൂടാതെ പോലീസ് സ്റ്റേഷനു സമീപത്തെ ചെക്ക് ഡാമിലും ഇത്തവണ ബലിതർപ്പണത്തിനു സൗകര്യമൊരുക്കിയിട്ടുള്ളതായും . ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താം. ഇക്കുറി പതിനായിരം പേർക്ക് ബലിതർപ്പണത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട് എന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനിയും ജില്ലാപ്പഞ്ചായത്ത് അംഗം എൽ.പി.മായാദേവിയും പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡാമിന്റെ തീരത്ത് വാവിനോടനുബന്ധിച്ച് നടക്കുന്ന കാർഷിക വ്യാവസായിക പ്രദർശന വിപണനമേള ജൂലൈ 26-ന് തുടങ്ങി 31-ന് സമാപിക്കും. 26-ന് വൈകുന്നേരം 5.00-ന് കെ.എസ്.ശബരീനാഥൻ എം.എൽ.എ. അധ്യക്ഷനാകുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, കുടുംബശ്രീ സംരംഭകർ തുടങ്ങിയവരുടെ സ്റ്റാളുകൾ വിപണനമേളയിൽ ഉണ്ടാകും. ജില്ലാ കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.
ബലിതർപ്പണത്തിനെത്തുന്നവർക്കായി വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് അരുവിക്കരയിൽ ഇക്കുറി ഒരുക്കിയിരിക്കുന്നത്. പുലർച്ചെ 3 മുതൽ ചടങ്ങുകൾ ആരംഭിക്കും. ബലിതർപ്പണത്തിന് 26 മുതൽ തന്നെ രജിസ്ട്രേഷൻ ആരംഭിക്കും. ദേവസ്വം ബോർഡുമായി സഹകരിച്ച് തന്ത്രിമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഡാം പരിസരത്ത് ഹരിതചട്ടം കർശനമായി നടപ്പാക്കും. പോലീസ്, അഗ്നിരക്ഷാസേന, ലൈഫ് ഗാർഡുകൾ എന്നിവരുടെയും മെഡിക്കൽ ടീമിന്റെയും വിമുക്തഭടന്മാർ ഉൾപ്പെടെയുള്ള വൊളന്റിയേഴ്സിന്റെയും സേവനവും ഒരുക്കിയിട്ടുണ്ട്. നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വിതുര, പാലോട്, പേരൂർക്കട, കിഴക്കേക്കോട്ട തുടങ്ങിയ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി. പ്രത്യേക ബസ് സർവീസ് നടത്തും. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എസ്.പ്രീത, ഗ്രാമപ്പഞ്ചായത്ത് അംഗം വേലായുധൻ, ഗംഗാധരൻപോറ്റി എന്നിവരും പങ്കെടുത്തു.


