നന്ദിയോട് : 10 വർഷത്തിനുമുമ്പ് നിർമ്മാണ പ്രവർത്തനം ആരംഭിച്ച പേരയം -ചെല്ലഞ്ചി പാലം ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുവാനുള്ള ശ്രമം രാഷ്ട്രീയപ്രേരിതമാണ്. പാലത്തിനോട് ചേർന്നുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്യാത്തതിനാൽ അപകടകരമായ നിലയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ പറഞ്ഞു. ചെല്ലഞ്ചി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്വം സർക്കാരിനും സ്ഥലം എം.എൽ.എയ്ക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രോച്ച് റോഡ് നിർമ്മിക്കുക, പാലത്തിന്റെ ഇരു വശങ്ങളെയും ബന്ധിപ്പിച്ച് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുക, ഉദ്ഘാടനം രാഷ്ട്രീയവത്കരിക്കുന്ന വാമനപുരം എം.എൽ.എയുടെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽകോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പൊട്ടൻച്ചിറ ശ്രീകുമാർ, ബി.രാജ്കുമാർ ജനപ്രതിനിധികളായ ആർ.ജെ. മഞ്ജു, പേരയം സുജിത്ത്, ലേഖപുത്തൻപാലം ഷഹീദ്, കോൺഗ്രസ് നേതാക്കളായ പേരയം സുരേഷ്, പത്മാലയം മിനിലാൽ അഡ്വക്കേറ്റ് ബാലചന്ദ്രൻ, പേരയം സുധ, ചൂടൽ ജോണിസിനോജ് ജ്ഞാനദാസ്, മോഹനൻ, സുനിൽകുമാർ, സൂര്യനാരായണൻ, പ്രമോദ് സാമുവൽ എന്നിവർ പങ്കെടുത്തു.