അജു കെ മധു
പാലോട് : പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് അടൂർ പ്രകാശ് എംപി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് നിവേദനം നൽകി.
പാന്റിനെതിരെ ഐഎംഎയുടെ നിര്‍ദ്ദിഷ്ട ആശുപത്രിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ റവന്യു വകുപ്പും. ഭൂരിഭാഗം ഭൂമിയും ഭൂരേഖാ രജിസ്റ്ററനുസരിച്ച് നിലമാണെന്നും കണ്ടൽകാടുകളും സ്വാഭാവിക നീരുറവയുമുള്ള പ്രദേശത്ത് നിര്‍മ്മാണ അനുമതി നൽകാനാകില്ലെന്നുമാണ് തഹസിൽദാറുടെ റിപ്പോര്‍ട്ട്. പെരിങ്ങമല വനമേഖലയില്‍ ഓടുചുട്ടപ്പടുക്ക ചതുപ്പ് എന്ന പേരിലറിയപ്പെടുന്ന ഭൂമിയിയാണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ഐഎംഎ വാങ്ങിയത്. ആകെ ആറേക്കര്‍ എണ്‍പത് സെന്റ്. ഒരേക്കര്‍ എണ്‍പത് സെന്റ് ഒഴികെ ബാക്കിയെല്ലാം ബിടിആര്‍ അനുസരിച്ച് നിലമാണ്.
യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കും അനുമതി നൽകാനാകില്ലെന്നാണ് തഹസിൽദാറുടെ റിപ്പോര്‍ട്ട്. അതിനിടെ പ്ലാന്റിനെതിരെ പ്രദേശവാസികൾ പ്രത്യക്ഷ പ്രതിഷേധം തുടങ്ങി. പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ മാലിന്യ സംസ്കരണ പ്ലാന്റിനുള്ള അനുമതി വേഗത്തിലാക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണെന്ന നിര്‍ണ്ണായക വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതെ സമയം ആരോഗ്യമന്ത്രി പ്ലാന്റിനെ അനുകൂലിച്ചപ്പോള്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ഡികെ മുരളി പ്ലാന്റിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നല്കാന് മലിനീകരണ നിയന്ത്രണബോര്‍ഡിനോട് യോഗം നിര്‍ദ്ദേശം നല്കി. അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തി പാരിസ്ഥിതിക ആഘാത സമിതിയെ സമീപിക്കാന്‍ ഐഎംഎയോടും യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ-തദ്ദേശഭരണവകുപ്പ് മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും ഐഎംഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പദ്ധതിക്ക് പച്ചക്കൊടി കാണിക്കുമ്പോള്‍ വനംമന്ത്രിക്ക് വ്യത്യസ്തനിലപാടാണ് എടുത്തത്.
നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം വനംവകുപ്പിന്റേതല്ലെങ്കിലും കൂടുതല്‍ പഠനം വേണമെന്ന് കെ രാജു പറഞ്ഞിരുന്നു. സിപിഎം നേതാവും സ്ഥലം എംഎല്‍എയുമായി ഡികെ മുരളി സര്‍ക്കാര്‍ നിലപാട് തള്ളി ജനങ്ങള്‍ക്കൊപ്പം നിന്നു.
തിരുവനന്തപുരം-തെങ്കാശി റോഡില്‍ പാലോടിന് സമീപം ഇലവുപാലം ഈ പ്രദേശത്ത് പുതുതായി സ്ഥാപിക്കാന്‍ പോകുന്ന പുതിയ ബയോമെഡിക്കല്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ഇലവുപാലം മൂന്ന് ഗ്രാമപഞ്ചായത്തുകളുടെയും രണ്ട് ജില്ലകളുടെയും അതിരാണ്. റോഡിന്റെ ഇടതുവശത്ത് അരക്കിലോമീറ്റര്‍ കൊല്ലം ജില്ലയാണ്. വലതുവശത്ത് 7.5 കിലോമീറ്റര്‍ തിരുവനന്തപുരം ജില്ലയും. കൊല്ലം ജില്ലയുടെ ഭാഗമായ ചിതറ പഞ്ചായത്തും തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാലോട് പഞ്ചായത്തും പെരിങ്ങമല പഞ്ചായത്തും കൂടിച്ചേരുന്ന സ്ഥലമാണ് ഇലവുപാലം. അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ കാടാണ്. കാടിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏഴര ഏക്കര്‍ സ്ഥലത്താണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഇമ) ബയോ മെഡിക്കല്‍ വേസ്റ്റ് പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഓടുചുട്ടപടുക്ക എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
ഇലവുപാലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമാണ് പ്ലാന്റ് സ്ഥാപിക്കാന്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലത്തേക്കുള്ളത്. അതിന് ചുറ്റിലും പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊടുംകാടും. കടുവയും ആനയും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സ്ഥിരം സഞ്ചാര മേഖലയായതിനാല്‍ നാട്ടുകാര്‍ സാധരണയായി അങ്ങോട്ട് പോകാറില്ലതത്രെ. എന്നാൽ അവിടെയൊരു ഒരു മാലിന്യ സംസ്കരണ കേന്ദ്രം വന്നാല്‍ അത് തങ്ങള്‍ക്ക് വളരെ ഏറെ ദോഷം ചെയ്യുമെന്നുള്ള ബോധ്യം നാട്ടുകാർക്കുണ്ട്.
രാജഭരണ കാലത്ത് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാനായി വിട്ടുനല്‍കിയ പട്ടയ ഭൂമിയിലാണ് പ്രസ്തുത പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഈ ഭൂമി ആദിവാസികളില്‍ നിന്നും കൈമാറി കൈമാറി ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത് ഒരു സ്വകാര്യ വ്യക്തിയാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയുമായി ഏഴ് ജില്ലകളിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇവിടെ സംസ്കരിക്കുന്നവയിൽ സിറിഞ്ചുകള്‍ മുതല്‍ മനുഷ്യ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് ശേഷം മുറിച്ചു മാറ്റുന്ന ശരീര അവയവങ്ങള്‍ മുതൽ ഉണടാകും. മനുഷ്യന്റെയും ജന്തുക്കളുടെയും ആന്തരികാവശിഷ്ടങ്ങള്, മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍, രോഗാണു നിര്‍ണയത്തിനായി ലാബുകളില്‍ കള്‍ച്ചര്‍ ചെയ്യപ്പെടുന്ന രോഗാണുക്കളുടെ കള്‍ച്ചര്‍ മാലിന്യങ്ങള്‍, ഉപയോഗ ശൂന്യമായ മരുന്നുകള്‍, കാന്‍സറിന് വരെ കാരണമാകുന്ന മാരകമായ വിഷമടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍, ശസ്ത്രക്രിയാവശിഷ്ടങ്ങള്, രക്തം പുരണ്ട തുണികള്‍, പുഴുത്തതും അസുഖബാധിതവുമായ ശരീരാവശിഷ്ടങ്ങള്‍, ഖര-ദ്രാവക രൂപത്തിലുള്ള ആശുപത്രി മാലിന്യങ്ങള്‍, സിറിഞ്ചുകള്‍, കത്തികള്‍, മറ്റ് മൂര്‍ച്ചയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍, നീക്കം ചെയ്യപ്പെടുന്ന ക്യാന്‍സര്‍ മുഴകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉൾപ്പെടെ ഉണ്ടാകും.
രോഗബാധിതമായ സൂചികളില്‍ നിന്നും എയ്ഡ്സും വന്ധ്യതയും ത്വക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളവയാണ് ഈ മാലിന്യങ്ങള്‍. വിളപ്പില്‍ശാലയില്‍ ഇപ്പോള്‍ മാലിന്യനിക്ഷേപമില്ലെങ്കിലും അവിടുത്തെ ഈ തലമുറ അവിടെ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളുടെ തിക്തഫലം ഇന്നും അനുഭവിക്കുന്നു. അടുത്ത തലമുറയെ അതെങ്ങനെ ബാധിക്കുമെന്ന ആശങ്കയില്‍ കാത്തിരിക്കുന്നു. ഇത്രയും ഈ പ്ലാന്റുകൊണ്ട് ഇതിനോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങള്‍ക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ്.
താന്നിമൂടിനും റിസര്‍വ് വനത്തിനും ഇടയിലാണ് ഈ സ്വകാര്യഭൂമിയായ ചതുപ്പ് നിലം ഉള്ളത്. 65 കുടുംബങ്ങളാണ് താന്നിമൂട്ടില്‍ താമസിക്കുന്നത്. ഇത് കൂടാതെ ഈ പ്രദേശത്തിന് ചുറ്റിലുമാണ് ചോനാവലി, അടിപ്പറമ്പ്, അഗ്രിഫാം എന്നീ പ്രദേശങ്ങളുമുള്ളത്. ആദിവാസി സെറ്റില്മെന്റുകളല്ലാത്ത നന്ദിയോട്, പാലോട്, ചിതറ പഞ്ചായത്തുകളും തൊട്ടടുത്ത് തന്നെയുണ്ട്. ഇതില്‍ ആദിവാസി സെറ്റില്‍മെന്റ് ഉള്‍പ്പെടുന്ന പെരിങ്ങമല പഞ്ചായത്തില്‍ തന്നെ 50,000ല്‍ അധികം ജനങ്ങള്‍ വസിക്കുന്നു. ഇവരാരും ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന പ്രദേശവുമായി അടുത്തില്ലെന്നാണെങ്കിലും മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഈ ജനങ്ങളെയും ബാധിക്കുന്നതാണ്. 25 കിലോമീറ്റര്‍ ചുറ്റുവട്ടത്ത് ജനവാസകേന്ദ്രങ്ങളുണ്ടെങ്കില് അവിടെ മാലിന്യ നിക്ഷേപ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയാകുമെന്നുള്ളയിടത്താണ് ഈ പ്ലാന്റിന് അനുമതി കൊടുക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് ഒരു മന്ത്രി തന്നെ പറയുന്നത്. എന്നാൽ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണമായ മരുന്ന് തളിക്കുന്ന കാലത്തും ഇത് എന്തുമാത്രം ജനോപദ്രവകരമാകുമെന്ന് ആരും ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് നിന്നും ഒഴുകിയെത്തുന്ന ഭൂഗര്‍ഭ ജലത്തിന്റെ കേരളത്തിലെ അവസാന സ്രോതസാണ് ഈ വനമേഖല. ഇവിടെനിന്നുള്ള നീര്‍ച്ചാലുകള്‍ ആദ്യം മൈലാമൂട്, ചിറ്റാര്‍ എന്നീ തോടുകള്‍ വഴി വാമനപുരം നദിയിലേക്ക് എത്തിച്ചേരുന്നു. ഇലവുപാലം മുതല്‍ അരിപ്പ വരെയുള്ള പ്രദേശത്ത് മാത്രമാണ് ഏഷ്യയില്‍ ഈ കണ്ടല്‍ ചെടി വളരുന്നത്. ഒരു മെഡിക്കല്‍ വേസ്റ്റ് പ്ലാന്റ് വരുന്നതോടെ ഇവിടുത്തെ മറ്റ് ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം ഈ കണ്ടല്‍ സമ്പത്തും നമുക്ക് നഷ്ടമാകും. അതോടൊപ്പം ശുദ്ധജലമെന്ന ലോകത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യത്തിന്റെ സ്രോതസും. ജൈവ വൈവിധ്യ മേഖലകളുടെ അനുപാതം കണക്കാക്കുമ്പോള്‍ 0.5 ഉണ്ടെങ്കിലും അത് പ്രത്യേകമായി സംരക്ഷിക്കേണ്ട മേഖലയാണ്. ഇവിടെ ഈ അനുപാതം 7.5 ആണ്. അതായത് ഒരുപാട് ശ്രദ്ധയോടെ സംരക്ഷിച്ചില്ലെങ്കില്‍ യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രദേശം നമുക്ക് നഷ്ടമാകും.