നെടുമങ്ങാട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷണപദാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. രാവിലെ 5 മണിമുതൽ നടത്തിയ പരിശോധനയിലാണ് ഹോട്ടലുകളിൽ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ആഹാര സാധനങ്ങൾ പിടികൂടിയത്.
ഹോട്ടൽ നൂരിയ, ഹയാത്ത് ഹോട്ടൽ, ക്രൗൺ ബേക്കറി, കോഫി കേക്ക്സ് ബേക്കറി, കപ്പ്സ് ആൻഡ് ബൈറ്റ്സ് ബേക്കറി, പാരീസ് ഹോട്ടൽ, എസ്. യു. ടി. ആശുപത്രി കാന്റീൻ, തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങളും നിരോധിച്ച ക്യാരി ബാഗുകളും പിടിച്ചെടുത്തത്.
കേടായ ചിക്കൻ, ബീഫ്, പെറോട്ട, പഴകിയ അച്ചാറുകൾ ദിവസങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന എണ്ണ, ഐസ്ക്രീമിൽ ഉപയോഗിക്കുന്ന എസ്സെൻസ്, കേടായ ബ്രെഡ്, കേക്ക് എന്നീ ആഹാരസാധനങ്ങളാണ് ഹെൽത്ത് സൂപ്പർവൈസർ ജി. ഉണ്ണിയുടെ നേതൃത്വത്തിൽ എച്ച്. ഐ. രാംകുമാർ, കിരൺ, ബിജു സോമൻ, രാഹുൽ എന്നിവർ പരിശോധനയിൽ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി എസ്. നാരായണൻ അറിയിച്ചു.