വിഴിഞ്ഞം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ വനിതകളടക്കം 6 പേര്‍ക്കു കടന്നല് കുത്തേറ്റു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മറ്റുള്ളവർ ചികിത്സയില്‍. കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് ചപ്പാത്ത് വളവു നടയിലെ ഇടത്തോട് നവീകരണ ജോലികള്‍ നടക്കുന്നതിനിടെയാണ് കടന്നലുകളുടെ ആക്രമണം.
തോടിനു സമീപത്തെ കാട് തെളിക്കവെ മരച്ചില്ലയിലെ കടന്നല്‍ക്കൂട് ഇളകുകയായിരുന്നു. 30 തൊഴിലാളികള്‍ ജോലിയിടത്ത് ഉണ്ടായിരുന്നു. കടന്നല് കുത്തേറ്റ ഒരു പുരുഷനും 5 സ്ത്രീകളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണികണ്ഠന് (53), ലളിത (48), ഉഷ (51), കൃഷ്ണമ്മ (60), ബിന്ദു (44), ശശികല (38) എന്നിവര്‍ക്കാണ് കടന്നല് കുത്തേറ്റത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഉഷയുടെ പരിക്ക് ഗുരുതരമാണ്. ഉഷയുടെ തലയ്ക്കാണ് കുത്തേറ്റത്.