കാട്ടാക്കട : കള്ളിക്കാട് നെയ്യാർഡാം മരക്കുന്നം പ്രദേശത്ത് വാട്ടർ അതോറിറ്റി നിർമ്മിക്കുന്ന 120 എം.എൽ.ഡി ജലശുദ്ധീകരണ ശാല നിർമ്മാണവുമായി ബന്ധപ്പെട്ട് തലമുറകളായി കൃഷിചെയ്തു വീടുവെച്ച് ഉപജീവനം നടത്തിവരുന്ന ഒട്ടനവധി കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ആവശ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ഇതിനെതിരെ ആക്ഷൻ കൗൺസിൽ പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു.
ഏറ്റെടുക്കുന്ന ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് യോഗം സംഘടിപ്പിച്ചത്. യോഗം മുൻ എംഎൽഎ എ.റ്റി ജോർജ് ഉദ്ഘാടനം ചെയ്തു. അനുയോജ്യമായ സ്ഥലം ഈ പ്രദേശത്ത് വേറെ ഉണ്ടെന്നിരിക്കെ ജനവാസകേന്ദ്രം തന്നെ തിരഞ്ഞെടുത്തതിലും നെയ്യാർ ഡാം റിസർവോയർ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പദ്ധതികൾ ഒന്നും നടത്താൻ പാടില്ലെന്ന് നിയമം നളിവിൽ ഉള്ളപ്പോൾ ജലശുദ്ധീകരണ ശാല നിർമ്മാണത്തിൽ ഗൂഢമായ ലക്ഷ്യമുണ്ടെന്നും എംഎൽഎ പറഞ്ഞു.
ആക്ഷൻ കൗൺസിൽ ചെയർമാൻ വാർഡ് മെമ്പർ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തങ്ങൾ കുടിവെള്ള പദ്ധതിക്കും നാട്ടിലെ വികസനപ്രവർത്തനങ്ങൾക്കും എതിരല്ലാ എന്നും മറ്റ് വരുമാന മാർഗങ്ങൾ താമസ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ സമര രംഗത്തേക്ക് കടക്കുന്നത്. പരിഹാര നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ ശശീന്ദ്രൻ പറഞ്ഞു.
ബിജെപി ദേശീയ സമിതി അംഗം കരമന ജയൻ, കെ.പി.സി.സി നിർവാഹകസമിതി അംഗം എ.കെ ശശി, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻറ് കള്ളിക്കാട് സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കളായ എസ്.വിജയചന്ദ്രൻ, എം.മാത്തുക്കുട്ടി, കള്ളിക്കാട് ഭുവനചന്ദ്രൻ, ഇരണിയൽ ശശികുമാ,ർ വിൽഫ്രഡ് രാജ്, ബി.ജെ.പി നേതാക്കളായ ആർ.വിജയൻ, കള്ളിക്കാട് ദിലീപ്, കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.