തിരുവനന്തപുരം : നല്ല മരണത്തെപ്പറ്റി ചർച്ച ചെയ്യാൻ പാലിയം ഇന്ത്യ അവസരമൊരുക്കുന്നു. ജൂലൈ ഏഴ് ഞായറാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ പട്ടത്ത് ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പലതരത്തിലും മരണം ഉറപ്പാക്കിയവരോട് സമൂഹവും ആരോഗ്യമേഖലയും പുലർത്തേണ്ട മര്യാദകളപ്പറ്റിയും അന്തസ്സോടെയുള്ള മരണത്തെപ്പറ്റിയും ഒരു കപ്പു ചായയുമായിട്ടിരുന്ന് സംസാരിക്കുകയാണ് പരിപാടിയിലൂടെ പാലിയം ഇന്ത്യ ലക്ഷ്യമിടുന്നത്. മരണത്തേയും മരണവേളയേയും പറ്റി ഒട്ടേറെ ആളുകളുടെ അനുഭവങ്ങളിലൂടെ സഞ്ചരിച്ച് ബൃഹത്തായ പഠനം നടത്തിയിട്ടുള്ള എലിസബത്ത് കുബ്ലർ റോസിന്റെ ജന്മദിനത്തിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് മരണമെന്നതിനെപ്പറ്റി ബോധ്യപ്പെടേണ്ടതിന്റെ ആവശ്യകത, അതിനായി തയ്യാറെടുക്കുന്നതുകൊണ്ടുള്ള ഗുണം, ചില സന്ദർഭങ്ങളിലെ ഇന്റൻസീവ് കെയറിനേക്കാൾ അനുതാപപൂർണമായ പരിരക്ഷയുടെ ആവശ്യം, മരണസമയം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ഓരോരുത്തർക്കും മുൻകൂട്ടി തീരുമാനിക്കാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ച ചെയ്യും. അതേസമയം മസ്തിഷ്ക മരണം, ദയാവധം എന്നിവ ചർച്ച ചെയ്യില്ലെന്നും പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി എൻ.പ്രശാന്ത് മോഡറേറ്ററായിരിക്കും. ഡോ. എം.ആർ.രാജഗോപാൽ അനുഭവങ്ങൾ പങ്കുവയ്ക്കും. ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, പിഎസ്സി അംഗം ആർ.പാർവതി ദേവി, എഴുത്തുകാരി ഉഷ എസ്. നായർ, പാലിയേറ്റീവ് കെയർ ഫിസിഷ്യൻ ഡോ. പ്രശാന്ത്, ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, ലൊയോള കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. സോണി ജോസ് എന്നിവർ സംസാരിക്കും.




