നേമം: വെള്ളായണി ജംഗ്ഷനില്‍ ലോറിയിടിച്ച് തകര്‍ത്ത ട്രാഫിക് സിഗ്നല്‍ പുന:സ്ഥാപിക്കാത്തതില്‍ സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീതി സൃഷ്ടിക്കുന്നു. സ്കൂള്‍ തുറന്ന് ആഴ്ചകൾ പിന്നിട്ടിട്ടും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാത്തതാണ് അപകട ഭീതി പരത്തുന്നത്. നഗരസഭയുടെ ടാങ്കര്‍ ലോറിയിടിച്ചതിനെ തുടർന്നാണ് സിഗ്നല്‍ ലൈറ്റ് തകര്‍ന്നത്.
പാപ്പനംകോട് ഭാഗത്തു നിന്നും വെള്ളായണി ശാന്തി വിള ഭാഗത്തേക്കും അവിടെ നിന്നും നേമം ഭാഗത്തേക്കും പാപ്പനംകോട് ഭാഗത്തേക്കുമുള്ള സിഗ്നല്‍ ലൈറ്റാണ് ലോറിയിടിച്ച് തകര്‍ന്നത്. ഇതുവഴിയുള്ള വാഹനങ്ങള്‍ തോന്നും പടി പോകുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ശാന്തി വിള നേമം താലൂക്കാശുപത്രി, നഗരസഭ നേമം മേഖല ഓഫീസ്, കൃഷി ഭവന്, മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും മറ്റും പോകാന്‍ റോഡിന് കുറുകെ കടക്കാനെത്തുന്നവര്ക്കാണ് വാഹനങ്ങള്‍ തോന്നും പടി പോകുന്നതിനാല്‍ അപകട ഭീതി പരത്തുന്നത്. സമീപത്താണ് നേമം പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതെങ്കിലും പോലീസ് തിരിഞ്ഞു നോക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു.




