കാട്ടാക്കട: കാട്ടാക്കട പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിലേയ്ക്കായി എം എൽ എ മാരായ ഐ.ബി സതീഷ്, കെ.എസ് ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട തഹസീൽദാർ ഗോപകുമാർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ എന്നിവരുടെ നേതൃത്യത്തിലുള്ള റവന്യൂ , പോലീസ് സംഘങ്ങൾ കാട്ടാക്കട പോലീസ്സ് സ്റ്റേഷൻ മുതൽ മൊളിയൂർ റോഡ് വരെയും മാർക്കറ്റ് വരെയുള്ള സ്ഥലങ്ങൾ പരിശോധകൾ നടത്തി റിപ്പോർട്ട് തയ്യാറാക്കി.
ഫുട്പാത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ, സാധനങ്ങൾ, പൊതുഗതാഗതത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ ബിഎസ്എൻഎൽ പോസ്റ്റുകൾ അനധികൃത കൈയേറ്റങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ഇരുകവാടത്തിന് മുന്നിലെ മൽസ്യ കച്ചവടം എന്നിവ സംഘം രേഖപ്പെടുത്തി. കാട്ടാക്കട മാർക്കറ്റിന് മുൻവശമുള്ള ഓട്ടോ സ്റ്റാന്റ്, ബസ് സ്റ്റോപ്പ് എന്നിവ സംബന്ധിച്ചും സംഘം റിപ്പോർട്ട് തയ്യാറാക്കി. ട്രാഫിക്ക് ലൈറ്റുകൾ പരീക്ഷണാ അടിസ്ഥാനത്തിൽ നിർത്തി വച്ചു. പ്രധാന പ്രാഥമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി തഹസീൽദാർ അറിയിച്ചു.




