തിരുവനന്തപുരം
രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി നടത്തി തിരുവനന്തപുരം ജനറൽ ആശുപത്രി ആരോഗ്യരംഗത്ത് പുതിയ ചരിത്രം കുറിച്ചു. നേത്രപടല അന്ധത ബാധിച്ച 59 വയസുള്ള കോവളം സ്വദേശിക്കാണ് ജനുവരി 24ന് ശസ്ത്രക്രിയ നടത്തിയത്. രോഗി നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതുവരെ സർക്കാർ മെഡിക്കൽ കോളേജുകൾ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി, സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിൽ മാത്രമാണ് കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നത്. ജില്ലാതല ആശുപത്രിയിൽ തന്നെ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.
വലതുകണ്ണിന് ചെറുപ്പകാലത്ത് ഉണ്ടായ പരിക്കിനെ തുടർന്നാണ് രോഗിക്ക് നേത്രപടല അന്ധത രൂപപ്പെട്ടത്. ഐബിഎകെ നേത്രബാങ്കിൽ നിന്നാണ് കോർണിയ ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയ ജനറൽ ആശുപത്രിയിൽ പൂർണ്ണമായും സൗജന്യമായാണ് നടത്തിയത്.
ജില്ലാതല ആശുപത്രികളിൽ കോർണിയ ശസ്ത്രക്രിയ നടത്തുന്നതിനായി പ്രാവീണ്യമുള്ള ഡോക്ടർമാരെ വിന്യസിക്കാൻ സർക്കാർ 2023ൽ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ഏകദേശം 40 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയുടെ അനുമതിയും ലൈസൻസും ലഭ്യമാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
മധ്യവയസ്സുകാർക്കും തൊഴിലാളികൾക്കുമിടയിലാണ് നേത്രപടല അന്ധത കൂടുതലായി കാണപ്പെടുന്നത്. കണ്ണിൽ ഉണ്ടാകുന്ന പരിക്കുകളിലും അണുബാധകളിലുമാണ് രോഗം സാധാരണയായി രൂപപ്പെടുന്നത്. ചില കുട്ടികളിൽ ജന്മനാ വൈകല്യവും കൗമാരക്കാരിൽ കെരറ്റോകോണസ് എന്ന രോഗവും നേത്രപടല അന്ധതയ്ക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥകളിൽ കോർണിയ ട്രാൻസ്പ്ലാന്റേഷനാണ് ഏക ഫലപ്രദമായ ചികിത്സ.
ജില്ലാതല ആശുപത്രികളിൽ കോർണിയ ക്ലിനിക്കുകളും ശസ്ത്രക്രിയകളും ആരംഭിക്കുന്നതിലൂടെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ നേത്രരോഗ ചികിത്സ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, നേത്രരോഗ വിഭാഗം മേധാവി ഡോ. ശ്രീലത, കോർണിയ സർജൻ ഡോ. രശ്മി പി. ഹരിദാസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അമ്പിളി, ഡോ. മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്, ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയത്.




