തിരുവനന്തപുരം: രാജ്യ സേവനത്തിനിടെ 56 വർഷം മുമ്പ് ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ സൈനിക വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ സ്മരണാർത്ഥം പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.
പാപ്പനംകോട് എക്സ് സർവീസസ് ലീഗ് ബ്രാഞ്ച് ആണ്, തോമസ് ചെറിയാന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത മന്ത്രിക്ക് നിവേദനം കൈമാറിയത്.
1968-ൽ, ലഡാക്കിലേക്ക് പോകുകയായിരുന്ന സൈനിക വിമാനം ഫെബ്രുവരി 7ന് റോഹ്താങ് ചുരത്തിൽ തകർന്നുവീണ് 103 സൈനികർ മരണപ്പെട്ടതിനുശേഷം, ഒരുപാട് വർഷങ്ങളോളം നീണ്ട അന്വേഷണത്തുടെയാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് കോറിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. അപകടം സംഭവിക്കുമ്പോൾ അദ്ദേഹം വെറും 22 വയസ്സുകാരനായിരുന്നു.
2003ൽ വിമാനത്തിൻ്റെ അവശിഷ്ടങ്ങളും 2019ൽ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ കൂടി മൃതദേഹം കിട്ടുന്നത്. ആകെ ഒമ്പത് മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഇന്ത്യൻ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടുനിന്ന തെരച്ചിലായിരുന്നു.
തോമസ് ചെറിയാന്റെ ജന്മദിന ചടങ്ങിൽ, അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രസംഗം ആരംഭിച്ചത്. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, എക്സ് സർവീസസ് ലീഗ് ബ്രാഞ്ച് പ്രസിഡന്റ് കരുമം രവീന്ദ്രൻ, സെക്രട്ടറി ശാന്തിവിള പദ്മകുമാർ, ട്രഷറർ സോമൻ നായർ, അശോകകുമാർ, സർവോദയം അനിൽകുമാർ തമ്പി, ശ്രീകണ്ഠൻ നായർ, പാപ്പനംകോട് കമാൽ, എം. എ. ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.