തിരുവനന്തപുരം : ജാനകി സിനിമയുടെ പേരുമാറ്റ നിർദ്ദേശവുമായി ബന്ധപ്പെട്ട് സെന്‍സർ ബോർഡിനെതിരെ സിനിമ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനമായി എത്തി. കത്രികകൾ കുപ്പത്തൊട്ടിയിലേക്ക് ഇട്ടുകൊണ്ട് പ്രതിഷേധത്തിന് പ്രതീകാത്മക തുടക്കം നൽകി. ‘സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ, നോ കട്ട്’ എന്ന മുദ്രാവാക്യം ഉയർത്തി സമരസമിതി പ്രതിഷേധം പ്രഖ്യാപിച്ചു.
കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് രഞ്ജിത്, അമ്മ സംഘടനയ്ക്ക് വേണ്ടി ജയൻ ചേർത്തല, ആത്മ സംഘടനയുടെ ഭാഗമായ പൂജപ്പുര രാധാകൃഷ്ണൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയെന്ന നിലയിൽ സിനിമയിലെ നായകനായി അഭിനയിക്കുന്ന വ്യക്തിക്ക് സിനിമാ നിയമം അറിയാമായിരിക്കണമെന്നായിരുന്നു രഞ്ജിതിന്റെ പ്രതികരണം. ശക്തമായ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റർ ഒട്ടിച്ചതിന് ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന നിർദ്ദേശത്തിന് ന്യായമില്ലെന്നും ജയൻ ചേർത്തല പ്രതികരിച്ചു."