കാട്ടാക്കട : സാധാരണക്കാർക്ക് കരുതലായി കാട്ടാക്കട താലൂക്ക് അദാലത്ത്. കാട്ടാക്കടയിൽ തീർപ്പായത് 831 അപേക്ഷകൾ. ഓൺലൈൻ ആയി 1713 അപേക്ഷകളാണ് ലഭിച്ചത്. കാട്ടാകട താലൂക്കില്‍ ഇന്ന് മാത്രം ലഭിച്ചത് 1459 അപേക്ഷകളാണ്. ഈ അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും 15 ദിവസത്തിനകം തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയത്. 471 എണ്ണം. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 170 അപേക്ഷകള്‍ തീര്‍പ്പാക്കി. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 100 അപേക്ഷകളും നെടുമങ്ങാട് ആർ ഡി ഒയുമായി ബന്ധപ്പെട്ട 45 പരാതികളും പരിഹരിച്ചു.
13 അപേക്ഷകളാണ് പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിച്ചത്. പട്ടികവർഗ വികസന വകുപ്പ് 9 അപേക്ഷകള്‍ തീര്‍പ്പാക്കുകയും എ ഡി എം ആറും കെ എസ് ഇ ബി അഞ്ചും ജലസേചനവുമായി ബന്ധപ്പെട്ട് മൂന്ന് അപേക്ഷകളും അദാലത്തിൽ പരിഹരിച്ചു.
ആരോഗ്യം, വനം, സാമൂഹ്യനീതി, റവന്യു, മൃഗ സംരക്ഷണം, വ്യവസായം, മലിനീകരണ നിയന്ത്രണ ബോർഡ്, ഫിഷറീസ്, പട്ടിക ജാതി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ഓരോ അപേക്ഷകൾ വീതം തീർപ്പാക്കി.
26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത 521 അപേക്ഷകളും നിരസിച്ച 361 അപേക്ഷകളും ഉള്‍പ്പെടുന്നു. താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് മെയ് 16ന് നടക്കും.