തിരുവനന്തപുരം : അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ ഇന്നലെ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയോടെ ജില്ലാ കളക്ട്രേറ്റിൽ വരണാധികാരിയായ ജി. സുധാകരന് മുൻപാകെയാണ് പത്രിക നൽകിയത്. രാവിലെ പഴവങ്ങാടി ഗണപതി ക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് ശബരീനാഥൻ ആര്യനാടേക്ക് തിരിച്ചത്.
ജി. കാർത്തികേയന്റെ കാലം മുതൽ നാമനിർദ്ദേശ പത്രിക പൂരിപ്പിച്ച പഴയ ആര്യനാട് ഓഫീസിൽ നിന്നുമാണ് ശബരീനാഥനും പത്രിക പൂരിപ്പിച്ചത്. തുടർന്ന് ആര്യനാട് ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നേതാക്കളോടൊപ്പമാണ് പത്രിക സമർപ്പിക്കാൻ ശബരീനാഥൻ ആര്യനാട് നിന്നും തിരിച്ചത്. ശബരീനാഥനൊപ്പം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ വിതുര ശശി ഉൾപ്പെടെയുള്ള നേതാക്കളും സന്നിഹിതരായിരുന്നു.