തിരുവനന്തപുരം : തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്.മികച്ച തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തൊഴിലാളിശ്രേഷ്ഠ- പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരത്തിനു 15 തൊഴിലാളികളാണ് അര്‍ഹരായത്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. പതിനഞ്ച് സ്വകാര്യ തൊഴില്‍മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പുരസ്കാരം നല്‍കിയത്.
തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകാനുള്ള തീരുമാനം സർക്കാരിന്റെ തൊഴിലാളി ക്ഷേമനടപടികളിലെ പുത്തൻ ചുവടുവെയ്പാണ്. വിവിധ പ്രതികൂലസാഹചര്യങ്ങള് നേരിടുന്നതിനും തൊഴിലാളി സൗഹൃദ സമീപനം എടുക്കുന്നതിനും എല്ലാ സംഘടനകളും ഒറ്റക്കെട്ടാണ് .തൊഴിലാളിവര്‍ഗ്ഗ സംരക്ഷണം ,അവകാശ സംരക്ഷണം ,തൊഴിലാളിക്കും തൊഴിലിനും മാന്യ പദവി എന്നിവയെല്ലാം തന്നെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി കൊണ്ടിരിക്കുകയാണ് . എന്നാല്‍ തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നാലു കോഡുകളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തൊഴിലാളികളുടെ പല അവകാശങ്ങളും നിഷേധിക്കുന്നതാണ്. ഇത്തരം പ്രതികൂല സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് തൊഴിലാളികള്‍ക്കൊപ്പമാണ് . ഭേദഗതി പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട് . വേജ് കോഡ് സംബന്ധിച്ച സംസ്ഥാന ചട്ടങ്ങൾ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. തൊഴിലാളി സമൂഹത്തിനു വേണ്ടി തൊഴില്‍ വകുപ്പ് സ്വീകരിച്ചുവരുന്ന നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണ്. തൊഴിൽ നയം,പ്ലാന്റേഷന് നയം തോട്ടം മേഖലയുടെ സംരക്ഷണം തുടങ്ങി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൊഴിലാളി സമൂഹത്തിനാകമാനം ആശ്വാസം പകരുന്നവയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തോട്ടം തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൂലി നിരക്ക് ലഭിക്കുന്നത് കേരളത്തിലാണ് . തോട്ടംമേഖലയിലെ തൊഴിലാളികളെ ഇഎസ്ഐ യുടെ പരിരക്ഷയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവ് വളര്‍ത്തിയെടുക്കുവാനായി സര്‍ക്കാര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിച്ചു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മിനിമം വേതനം ബാധകമായ മേഖലകളില്‍ ആറെണ്ണം കൂടി ഉള്‍പ്പെടുത്തി. 50 മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. തൊഴിലാളികള്‍ക്കും തൊഴിലാളി കുടുംബങ്ങള്‍ക്കും സംരക്ഷണം നല്കുന്ന അനേകം പദ്ധതികള്‍ വിഭാവനം ചെയ്തുകൊണ്ട് തൊഴില്‍മേഖല മുന്നിട്ടുനില്‍ക്കുകയാണ്. തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം തൊഴിലാളികള്ക്കാകമാനമുള്ള അംഗീകാരമായാണ് കാണേണ്ടത് . സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ തൊഴിലാളികളിലെത്തിക്കാൻ ട്രേഡ് യൂണിയനുകള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത്രാജന് അധ്യക്ഷത വഹിച്ചു. ആര് ചന്ദ്രശേഖരന് (ഐഎന്‍ടിയുസി) പി വിജയമ്മ (എ ഐ ടി യു സി ) കെ എസ് ജോര്‍ജ്ജ് (കെ റ്റി യു സി) സോണിയ ജോര്‍ജ്ജ് (സേവാ യൂണിയന്),ധര്മ്മന് കവടിയാര്‍ (കെ റ്റി യു സി ), ഉണ്ണികൃഷ്ണന് ഉണ്ണിത്താന്(ബിഎംഎസ് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.ശ്രീലാൽ (അഡീഷണൽ ലേബർ കമ്മീഷണർ - എൻഫോഴ്സ്മെന്റ് ) സ്വാഗതവും കെ എം സുനില്‍ (അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍_ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കൃതജ്ഞതയും പറഞ്ഞു.