കാട്ടാക്കട : ബസിറങ്ങുബോൾ തളർന്നുവീണ് കടവരാന്തയിൽ മണിക്കൂറോളം കിടന്ന ആൾ ആശുപത്രിയിൽ മരിച്ചു. മാസങ്ങൾ കൊണ്ട് മുളമൂട്ടിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലിക്കു എത്തിയ കുറ്റിച്ചൽ, മാറാൻകുഴി, മേക്കതിൽ കിഴക്കുംകര വീട്ടിൽ കെ.വിജയനശാരി (56) ആണ് ആര്യനാട് ആശുപത്രിയിൽ മരിച്ചത്.
മുളമൂട് ജഗ്ഷനിൽ പ്രവർത്തിക്കുന്ന ആര്യനാട് സ്വദേശിയുടെ ഫർണീച്ചർ സ്ഥാപനത്തിൽ മാസങ്ങൾ കൊണ്ട് ജോലിക്കു വന്നിരുന്ന ആളാണ് വിജയനാശാരി. ഇയാളുടെ ചികിത്സയുമായും, വെള്ള റേഷൻ കാർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടും ഒരു മാസം കൊണ്ട് ഇയാൾ ജോലിക്കു വന്നരുന്നില്ല. ഇതിനു ശേഷം വെള്ളിയാഴ്ച വിജയനാശാരിയുടെ ജോലി സാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഫർണിച്ചർ കടയുടെ മുന്നിൽ ബസിറങ്ങുന്നതിനിടെ ഇയാൾ റോഡിൽ കുഴഞ്ഞു വീഴുകയും സമീപത്തെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും എത്തി ഇയാളെ സമീപത്തെ കടവരാന്തയിൽ കിടത്തി. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെ വരുത്തുകയും ചെയ്തു. എന്നാൽ വിജയനെ ആശുപത്രിയിൽ കൊണ്ട് പോകാൻ തയാറാകാതെ ഉടമ കൈയൊഴിഞ്ഞു. ഇതേ തുടർന്ന് നാട്ടുകാരും വാർഡ് പ്രതിനിധികളും കാട്ടാക്കട പോലീസിന്റെ സഹായം തേടി. എന്നാൽ പോലീസ് ജീപ്പില്ലെന്ന കാരണം പറയുകയും ഗ്രമപഞ്ചായത്തിൽ അറിയിക്കാനും മറുപടി പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെ വിജയനാശാരിയുടെ ബന്ധുക്കളെ വിവരം അറിയിക്കാനായി ഫർണിച്ചർ കടയുടമ ഒരു ബാഗുമായി സ്ഥലത്തുനിന്നും പോയി എങ്കിലും വിജയനാശാരിയുടെ ബന്ധുക്കളെ കാണാൻ കടയുടമ എത്തിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
ഒടുവിൽ വൈകുന്നേരം 3 മണിയോടെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിരിവെടുത്ത് കാട്ടാക്കടയിൽ നിന്നും പ്രവാസി ആംബുലൻസ് വരുത്തി വിജയനാശാരിയെ ആര്യനാട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം 5 മണിയോടെ ഇയാൾ മരണപ്പെട്ടു.
കൃത്യ സമയത്തിനു ഫർണിച്ചർ കടയുടമയോ കാട്ടാക്കട പൊലീസോ ഇടപെട്ടിരുന്നു വെങ്കിൽ ഇയാളെ രെക്ഷിക്കാമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
രാത്രി 7 മണിയോടെ ഫർണിച്ചർ ഉടമ കടയിൽ തടികൾ ഇറക്കാൻ എത്തിയത് നാട്ടുകാരും ചുമട്ടു തൊഴിലാളികളും തടഞ്ഞു. തുടർന്ന് കടയുടമ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി. തടസപ്പെടുത്തിയവരെ ജീപ്പിൽ കയറ്റനുള്ള ശ്രമവും നടന്നു. ഒടുവിൽ നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ പോലീസ് പിൻവാങ്ങി. കാട്ടാക്കട, പൂവച്ചൽ, പേഴുംമൂട് വരെ ഉള്ള റോഡിൽ അപകടങ്ങൾ നിത്യസംഭവമാണ്. രണ്ടര കിലോമീറ്റർ അകലെ ഉള്ള പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്താൻ 2 ഉം 3ഉം മണിക്കൂറുകൾ ആണ് എടുക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. സംസ്കാരം കുറ്റിച്ചലിലെ വീട്ടു വളപ്പിൽ ഇന്നലെ രാവിലെ നടന്നു. ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ് വിജയനശാരി. രണ്ടു മക്കൾ ഉണ്ട്.