മടവൂർ : ദശലക്ഷകണക്കിന് ഇളം കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകിയ മടവൂർ എൽ.പി.എസ് എന്ന പൊതുവിദ്യാലയം ആധുനികതയുടെ പരിവേഷം അണിയുക യാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഈ വിദ്യാലയം അക്കാദമിക മികവുകൊണ്ടും, കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ടും എൻഎസ്എസ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകളിലെ വിജയം കൊണ്ടും 152 വർഷത്തെ പ്രവർത്തന മികവുകൊണ്ടും സംസ്ഥാനത്തെത്തന്നെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്.
സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിയിരുന്ന ഈ വിദ്യാലയത്തിന്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി വർക്കല എംഎൽഎ അഡ്വ: വി.ജോയി അവർകളുടെ ഇടപെടലിനെത്തുടർന്ന് പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് പൂർത്തികരിച്ച ബഹുനില മന്ദിരം ഇന്ന് കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ വെർച്ച്വൽ ആയി ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അദ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ, കയർ വകുപ്പുമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. വർക്കല എംഎൽഎ അഡ്വ. വി.ജോയി ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസിയ ബി.എം,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, മടവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു ദേവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ, ബ്ലോക്ക് പഞ്ചായത്തംഗം അഫ്സൽ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ എസ് ജവാദ്, പഞ്ചായത്തുതല പ്രതിനിധികൾ,രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.