തിരുവനന്തപുരം : അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതായി ഐ.ജി.പി.-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
നാലാഞ്ചിറ ബനഡിക്ട് നഗർ പെരിങ്ങാട്ടുകുഴി എസ്.എൻ നിവാസിൽ വിവേക് (23) നെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മോഷണം ചെയ്തെടുത്ത ഒരു പൾസർ ബൈക്കും പോലീസ് പിടിച്ചെടുത്തു. നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപമാറ്റം വരുത്തിയതുമായ ബൈക്ക് ഓടിച്ചു വരികയായിരുന്ന പ്രതിയെ ഇടവക്കോട് പാലത്തിന് സമീപം വച്ച് പോലീസ് പട്രോളിംഗ് പാർട്ടി തടഞ്ഞു നിർത്താൻ ശ്രമിച്ചപ്പോൾ ഇയാൾ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് ഇയാളെ പിൻതുടർന്ന് സാഹസികമായാണ് പിടികൂടിയത്.
പ്രതിയെ ചോദ്യം ചെയ്തതിലും കൂടുതൽ അന്വേഷണം നടത്തിയതിലും ബൈക്ക്, തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ആൽബിന്റെ ബൈക്കാണെന്നും കഴിഞ്ഞ ഡിസംബർ 10-ന് മാർത്താണ്ഡത്ത് നിന്നും മോഷ്ടിച്ചെടുത്തതാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാൾ കേരള - തമിഴ്നാട് അതിർത്തികളിൽ ബൈക്ക് മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ്.
ഇയാളുടെ കൂട്ടാളികളേയും സംഘം നടത്തിയിട്ടുളള മറ്റ് വാഹനമോഷണങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. മണ്ണന്തല എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ-മാരായ ഗോപിചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ-മാരായ നാസർ, വിമൽ, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.