തിരുവനന്തപുരം : മെയ് 20 : തൊഴിൽ നിയമങ്ങൾ തകർക്കുന്നതിനെതിരെയും പൊതുമേഖല പൂർണ്ണമായി വിൽക്കുന്നതിനെതിരെയും മെയ് 22ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള ദേശീയ പ്രതിഷേധ ദിനം വിജയിപ്പിക്കുവാൻ എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാടും സെക്രട്ടറി മീനാങ്കൽ കുമാറും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
ഐ.എൽ.ഒ തീരുമാനങ്ങൾക്ക് വിരുദ്ധമായി 12 മണിക്കൂർ ജോലി സമയം അടിച്ചേൽപ്പിച്ചും തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു കൊണ്ടും കോർപറേറ്റുകൾക്കുവേണ്ടി ആയിരം ദിവസത്തേക്ക് തൊഴിൽ നിയമങ്ങൾ കാറ്റിൽപറത്തിയും കേന്ദ്രസർക്കാർ വലിയ തോതിലുള്ള തൊഴിൽ ചൂഷണം നടത്തുകയാണ്.
വ്യവസായ തൊഴിൽ തർക്ക നിയമവും തൊഴിലാളി നിയമവും മരവിപ്പിച്ച നടപടി പിൻവലിക്കുക, കോവിഡ് 19ന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷയും സേവന-വേതന വ്യവസ്ഥകളും ഉറപ്പുവരുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ഓഫീസുകൾ, കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പ്രധാന കവലകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സമരം സംഘടിപ്പിച്ചിട്ടുള്ളത്.